കോവളം ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ മരുന്നില്ല
കോവളം: കോവളം ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അവശ്യമരുന്നില്ലാതായതോടെ രോഗികള്‍ ദുരിതത്തിലായി.
തൊഴില്‍ വകുപ്പിന്റെ കീഴില്‍ വരുന്ന ഡിസ്‌പെന്‍സറിയായ കോവളം ഇ.എസ്.ഐയില്‍ 1500ല്‍പ്പരം ഐ.പികളാണ് ഇവിടെ ഉള്ളത്. തിരുവല്ലം മുതല്‍ കോട്ടുകാല്‍ പ്രദേശം വരെയുള്ള ഐ.പി.കളാണ് കോവളം ഡിസ്‌പെന്‍സറിയെ ആശ്രയിക്കുന്നത്. കോവളം പ്രദേശത്തെ ഹോട്ടല്‍ തൊഴിലാളികളും വിഴിഞ്ഞം പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലുമായി ബന്ധപ്പെട്ടവരാണ് ഐ.പികളില്‍ അധികവും. ദിവസവും 150ല്‍ കുറയാതെ എത്തുന്ന ഐ.പികള്‍ മരുന്നുകള്‍ ലഭിക്കാതെ ഇവിടെനിന്നും നിരാശയോടെ മടങ്ങുന്നത് നിത്യകാഴ്ചയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് മരുന്നുകളുടെ ക്ഷാമം ഡിസ്‌പെന്‍സറിയില്‍ ഉണ്ടായത്. പ്രമേഹരോഗികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത്. ഡോക്ടര്‍ ഡിസ്‌പെന്‍സറിയില്‍ നിന്നും എഴുതിവിടുന്ന പ്രിസ്‌ക്രിപ്ഷന്‍ പലരും മെഡിക്കല്‍സ്റ്റോറില്‍ നിന്നും പണം കൊടുത്തു മരുന്ന് വാങ്ങുകയും മറ്റു ചിലര്‍ പണമില്ലാത്തതുകൊണ്ട് മരുന്ന് വാങ്ങാതെ മടങ്ങിപോകുന്ന അവസ്ഥയിലാണ്.
ഡോക്ടറുടെ സേവനം മാത്രം ലഭിക്കുന്ന കോവളം ഇ.എസ്.ഐ ഡിസ്‌പെന്‍സറി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ഓരോ ഡിസ്‌പെന്‍സറിക്കും വേണ്ടി വര്‍ഷംതോറും സര്‍ക്കാര്‍ ചെലവഴിച്ചിട്ടും രോഗികളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്തതില്‍ ജനങ്ങള്‍ രോഷാകുലരാണ്. ഡിസ്‌പെന്‍സറിയുടെ ആധുനിക നവീകരണമല്ല രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുകയെന്നതാണ് ഐ.പികളുടെ ആവശ്യം.
വര്‍ഷാവര്‍ഷം ഐ.പികളുടെ ക്രമാതീതമായ വര്‍ധനവ് വന്നിട്ടും ഇ.എസ്.ഐ കോര്‍പറേഷന്‍ ഐ.പികള്‍ക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ കഴിയാത്തതാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമെന്ന് ഇ.എസ്.ഐ കോര്‍പറേഷനിലെ ഒരുവിഭാഗം ഉദ്വോഗസ്ഥര്‍ സമ്മതിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."