കൂട്ടബലാത്സംഗം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സി.പി.എം നേതാവ് ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പൊലിസ് വരുത്തിയ വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍ അനില്‍ അക്കര കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.
പീഡനത്തിനിരയായ വീട്ടമ്മയോട് മോശമായി പെരുമാറിയ പേരാമംഗലം സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കേസ് അന്വേഷണം വനിതാ എ.ഡി.ജി.പിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതികള്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരായാലും സ്ത്രീപീഡനക്കേസുകളില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി പ്രതിപക്ഷത്തിനു മറുപടി നല്‍കിയ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ചുനീങ്ങണം. ഗുരുവായൂര്‍ പൊലിസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. അന്വേഷണം സംബന്ധിച്ച് എന്തു പരാതിയും പ്രതിപക്ഷത്തിനു നേരിട്ട് നല്‍കാം. ആര്‍ക്കും ആക്ഷേപമോ പരാതിയോ ഇല്ലാത്ത രീതിയിലായിരിക്കും അന്വേഷണം. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും.
പ്രതിപക്ഷം ഉന്നയിച്ച അഞ്ചു പീഡനക്കേസിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ട്. ചില കേസുകളില്‍ അറസ്റ്റും നടന്നു. മറ്റുള്ള കേസുകളില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കേരള കോണ്‍ഗ്രസും ബി.ജെ.പി അഗം ഒ. രാജഗോപാലും ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തു.
ഇതിനിടയില്‍ അനില്‍ അക്കരയ്ക്ക് പരാതിയുണ്ടെങ്കില്‍ കേസ് അന്വേഷിക്കുന്ന ഗുരുവായൂര്‍ പൊലിസ് അസിസ്റ്റന്റ് കമ്മിഷണറോടു പറയണമെന്ന് മന്ത്രി പറഞ്ഞത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. മന്ത്രിയുടെ പ്രസ്താവന അംഗങ്ങളെ അപമാനിക്കുന്നതാണെന്നും അതു പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി പരാമര്‍ശം പിന്‍വലിച്ചു.
മാനഭംഗത്തെക്കാള്‍ വലിയ പീഡനമാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇറങ്ങിപ്പോക്കിനു മുന്‍പു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. കേസ് വനിതാ എ.ഡി.ജി.പി അന്വേഷിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്കു കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
പേരാമംഗലം സി.ഐ, മെഡിക്കല്‍ കോളജ് എസ്.ഐ, ഗുരുവായൂര്‍ എ.സി.പി, സിറ്റി പൊലിസ്് കമ്മിഷണര്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് അനില്‍ അക്കര പറഞ്ഞു. ഈ കേസ് ലാഘവ ബുദ്ധിയോടെ എഴുതിത്തള്ളാന്‍ പാടില്ല. കേസ് ഒരു വനിതാ എ.ഡി.ജി.പിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."