ജയില്‍ച്ചാട്ടത്തിന്റെ അന്തര്‍നാടകങ്ങള്‍
ബംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ കഫ്റ്റീരിയയില്‍ വച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: ഞാന്‍ ഇപ്പോള്‍ അഷ്‌റഫിനെ ഫോണില്‍ വിളിക്കാറില്ല. അതെന്താ? ആല്‍ബര്‍ട്ട് വിശദീകരിച്ചു, നാട്ടില്‍ നിന്നു മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്‌ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്‌ക് എടുക്കുന്നത്? ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ചു വര്‍ഷത്തോളം ഒരുമിച്ചു ഭക്ഷണം കഴിച്ച്, ഒരുമിച്ചുറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍ മുസ്‌ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? (പ്ലീസ്, ഞങ്ങള്‍ക്ക് മുസ്‌ലിം അയല്‍വാസിയെ വേണം..., വിനീത് നാരായണന്‍ നമ്പൂതിരി). ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിലും ഒരു മുസ്‌ലിം കൊല്ലപ്പെടുമ്പോള്‍ അവന്‍ തീവ്രവാദി തന്നെയാണെന്ന ധാരണ സൃഷ്ടിക്കുന്നതിലും ഫാഷിസം കൈവരിച്ച വിജയത്തിന്റെ നഖചിത്രമാണിത്.
ഇന്ത്യയില്‍ അതീവസുരക്ഷയ്ക്കു കേളികേട്ട ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും എട്ടു സിമി പ്രവര്‍ത്തകര്‍ തടവു ചാടിയെന്നും മണിക്കൂറുകള്‍ക്കകം പത്തു കിലോമീറ്റര്‍ വിദൂരതയിലുള്ള വിജനമായ സ്ഥലത്തുവച്ചു പൊലിസ് അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നുമുള്ള വാര്‍ത്ത ഏറെ ദുരൂഹതകള്‍ക്കും സംശയങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. വിചാരണയുടെ അവസാനഘട്ടത്തിലാണ് ജയില്‍ചാട്ടവും തുടര്‍ന്ന് കൊലപാതകവും നടമാടുന്നതെന്നത് ഏറെ വിചിത്രമാണ്. ഇവര്‍ക്കെതിരേ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലിസിനു കഴിഞ്ഞിരുന്നില്ലെന്നും വെറുതെ വിടാനുള്ള എല്ലാവിധ സാഹചര്യവും നിലവിലുള്ളപ്പോഴാണ് ഇത്തരമൊരു 'ഏറ്റുമുട്ടല്‍ നാടകം'അരങ്ങേറിയതെന്നുമുള്ള അഭിഭാഷകന്‍ പര്‍വേസ് ആലമിന്റെ വാക്കുകളും സംഭവത്തിലെ അസ്വാഭാവികത വിളിച്ചോതുന്നുണ്ട്. ജയില്‍ ചാടിയവര്‍ ആയുധധാരികളായിരുന്നുവെന്ന് ഭോപ്പാല്‍ ഐ.ജി യോഗേഷ് ചൗധരി പറയുമ്പോള്‍ അവര്‍ നിരായുധരായിരുന്നുവെന്നാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഐ.ജി സഞ്ജീവ് ശെമി പറഞ്ഞത്. ഇത്തരം വൈരുധ്യങ്ങള്‍ നിറഞ്ഞ വിശദീകരണം എല്ലാ വ്യാജ ഏറ്റുമുട്ടലുകളുടെയും പൊതുരീതി ശാസ്ത്രമാണ്. വൈദ്യുത പ്രവാഹമുള്ള 32 അടി ഉയരമുള്ള മതില്‍ ചാടിക്കടന്നു, അലാറം നിശ്ശബ്ദമായി, സി.സി.ടി.വി തകരാറിലായിരുന്നു, സ്പൂണ്‍ കൊണ്ട് പൊലിസിനെ കൊന്നു തുടങ്ങിയ ആടിനെ പട്ടിയാക്കുന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ വകഭേദം പതിവുപോലെ പൊലിസ് ഇവിടെയും പരാവര്‍ത്തനം ചെയ്യുന്നുണ്ട്. മുസ്്‌ലിംകളല്ലാതെ വേറെ ആരും ജയില്‍ചാടാറില്ലേ എന്ന ദ്വിഗ് വിജയ് സിംഗിന്റെ ചോദ്യം നമ്മുടെ മതേതര ബോധം നേരിടുന്ന അസ്തിത്വ പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുപലകയാണ്.
പല സംസ്ഥാനങ്ങളിലും പല കാരണങ്ങള്‍ നെയ്തുണ്ടാക്കി അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ സിംഹഭാഗവും മേല്‍വിലാസമില്ലാത്ത മരണപ്പട്ടികയിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. പിടികൂടിയവരെ വെടിവച്ചു കൊന്ന് അതിന് 'ഏറ്റുമുട്ടല്‍' പരിവേഷം നല്‍കി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാനുള്ള നമ്മുടെ നിയമകാവലാളുകളുടെ വൈദഗ്ധ്യം പലവുരു തെളിയിക്കപ്പെട്ടതാണ്. ഇന്ത്യയിലുണ്ടാവുന്ന 99 ശതമാനം ഏറ്റുമുട്ടലുകളുടെയും വ്യാജമുഖം പലപ്പോഴും തൃണവത്കരിക്കപ്പെടുകയാണ്. മനുഷ്യത്വരഹിതമായി കൊല ചെയ്ത് മൃതദേഹങ്ങള്‍ മീഡിയാപ്രതിനിധികള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ച് രക്ഷാകവചം തീര്‍ക്കുന്ന നാടകം പൊലിസ് അഭംഗുരം തുടരുകയാണ്.
ഗുജറാത്തില്‍ അമിത്ഷാ ആഭ്യന്തര മന്ത്രിയായ സമയത്ത് ഇശ്്‌റത്ത് ജഹാനടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ നരഹത്യ ചെയ്തതിന്റെ ചോരമണം ഇപ്പോഴും അടങ്ങിയിട്ടില്ല. ശൈഖ് സൊഹ്്‌റാബുദ്ദീനും ഭാര്യ കൗസര്‍ബിയയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടതും ഈ സമയത്തു തന്നെ. 2002 നവംബറില്‍ ഡല്‍ഹിയിലെ അന്‍സല്‍ പ്ലാസയില്‍ രണ്ടുപേരെ കൊന്നു. 2008 സപ്തംബറില്‍ ബട്‌ല ഹൗസില്‍ രണ്ട് ജാമിഅ വിദ്യാര്‍ത്ഥികളെ തോക്കിന്നിരയാക്കി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 2560 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം വിദ്യാസമ്പന്ന യുവാക്കള്‍ മാത്രം അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതിന്റെയും മൂലഹേതു ചികഞ്ഞന്വേഷിക്കേണ്ട കാര്യമൊന്നുമില്ല. ഈ അറസ്റ്റുകളും പൊലിസിന്റെ വൈരുദ്ധ്യം നിറഞ്ഞ വിശദീകരണങ്ങളും ഒരു കാര്യം സുതരാം തെര്യപ്പെടുത്തുന്നു. മുസ്‌ലിംകളെ വിദ്യാഭ്യാസ രംഗത്തുനിന്നും ഉന്നതസ്ഥാനങ്ങളില്‍നിന്നും അകറ്റാനുള്ള ഫാഷിസ്റ്റ് കുത്സിത തന്ത്രങ്ങളുടെ ഭാഗമാണിത്. അതുകൊണ്ടു തന്നെ സംഘടിത ഗൂഢാലോചനയിലൂടെ മുസ്‌ലിംകള്‍ക്ക് പ്രൈവറ്റ് കമ്പനികളിലും മറ്റും സ്ഥാനങ്ങള്‍ തടഞ്ഞുവയ്ക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം കമ്പനികളില്‍ ഉദ്യോഗസ്ഥരായ മുസ്‌ലിം യുവാക്കളെ ഏറ്റുമുട്ടല്‍ പ്രതിയായും ഭീകരവാദിയായും ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുന്നത് പതിവു വൃത്താന്തമായിരിക്കുന്നു.
ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയും സ്‌ഫോടനങ്ങളുടെ പേരില്‍ തുറുങ്കിലയ്ക്കപ്പെടുകയും ചെയ്യുന്നത് മുസ്‌ലിം വിദ്യാസമ്പന്ന സമൂഹം മാത്രമാകുന്നതില്‍ സവര്‍ണ ഫാസിസ്റ്റ് ശക്തികള്‍ക്ക് കൃത്യമായ ഒളിയജണ്ടയുണ്ട്. അതിന് അവര്‍ കണ്ടെത്തിയ ആശയമാവട്ടെ, പുരോഗതിയുടെ സര്‍വ്വ വാതായനങ്ങളും കൊട്ടിയടക്കും വിധം അഭ്യസ്ഥവിദ്യരെ തന്നെ ഉന്മൂലനാശം വരുത്തുക എന്നതായിരുന്നു. മരപ്പൊത്തിലും ബാനറുകള്‍ക്കിടയിലും ബോംബ് കണ്ടെത്തിയ സൂറത്തിലെ പൊലിസ് പുറത്തുവിട്ട ചിത്രം അദ്ഭുതത്തോടെയാണ് നാം വീക്ഷിച്ചത്. ഇതില്‍ കുറ്റാരോപിതനായ 'സാഖ്ബ്' എന്ന മുസ്‌ലിം യുവാവ് സ്‌ഫോടനസമയത്ത് ഡല്‍ഹിയില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുകയായിരുന്നുവെന്ന് രേഖാമൂലം ചാനലുകളടക്കമുള്ളവര്‍ക്ക് മുമ്പാകെ പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കിയ അധികൃതര്‍ മുമ്പേ തയ്യാറാക്കിയ 'പ്രതിപ്പട്ടിക' ഫയല്‍ ചെയ്യുകയുണ്ടായി. മഹാരാഷ്ട്രയിലെ മലേഗാവിലും അതുപോലെ ഹൈദരാബാദിലും നടന്ന സ്‌ഫോടനങ്ങളില്‍ പ്രതികളെന്നു സംശയം തോന്നിയവരെകുറിച്ച് നാട്ടുകാര്‍ പൊലിസിന് സൂചന നല്‍കിയിരുന്നു. സമാന സംഭവമായിരുന്നു കാണ്‍പൂരിലേതും. സ്വാഭാവികമായി തോന്നുന്ന സംശയം പോലും ഈ കേസുകളില്‍ പൊലിസ് പ്രകടിപ്പിച്ചില്ല. മാത്രമല്ല, അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു കൊണ്ടുപിടിച്ച ശ്രമം.
അകാരണമായും തെളിവിന്റെ ഒരംശം പോലുമില്ലാതെയും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് കാരാഗൃഹവാസം വിധിക്കുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്ന കാഴ്ച ഇന്ന് നിത്യമാണ്. സര്‍വ്വതും ഏറ്റുപറഞ്ഞ് കീഴടങ്ങിയ സ്വാമി അസിമാനന്ദയും നരോദാപാട്യക്കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ മുന്‍മന്ത്രി മായകോഡ്‌നാനിയുമെല്ലാം എത്രയോ കാലം മുഖ്യധാരയില്‍ ആടിപ്പാടി തിമിര്‍ത്തവരാണ്. അജ്മീര്‍, മക്കാ മസ്ജിദ്, മലേഗാവ്, സംഝോത എക്‌സ്പ്രസ് തുടങ്ങിയ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭാഗധേയം സംശയലേശമന്യേ തെളിഞ്ഞ ശേഷവും അതേ കേസുകളില്‍ ജയിലുകളില്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകളെ മോചിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ ജയിലുകളിലെ തടവുകാരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണെന്ന കാര്യവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
മുംബൈ കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് മുസ്‌ലിംകളാണ് പിറന്ന നാട്ടില്‍ അഭയാര്‍ഥികളായി ജീവിക്കേണ്ടിവന്നത്. താക്കറെയുടെ പരസ്യമായ ആഹ്വാനം വഴി ശിവസേനയുടെ പ്രബല നേതാക്കളായിരുന്നു അതിക്രമങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചത്. ഇതേകുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിഷന്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാര്‍ക്കെതിരേ ശക്തമായ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ ഒരു നടപടിയുമെടുക്കാതെ മുസ്‌ലിം മനസ്സുകളില്‍ വീണ്ടും അഗ്നിസ്ഫുലിംഗങ്ങള്‍ ചൊരിയുകയാണ് സര്‍ക്കാറും കോടതികളും ചെയ്തത്.
ബോംബെ കലാപത്തിന്റെ സൂത്രധാരകന്മാരില്‍ പലരും ഇപ്പോഴും യോഗ്യരായി മുംബൈ തെരുവുകളിലൂടെ പറുദീസാ സുഖത്തോടെ നടക്കുമ്പോള്‍, മുസ്‌ലിംകള്‍ പിന്നെയും ഭീകരവാദികളായി അവതരിപ്പിക്കപ്പെടുകയായിരുന്നു. ഗോദ്ര തീവെപ്പ് കേസില്‍ അറസ്റ്റ് ചെയ്തതും തുറുങ്കിലടച്ചതും മുസ്‌ലിം യുവാക്കളെയാണ്. അറസ്റ്റിലായ 130 പേരില്‍ ഭൂരിഭാഗവും തെളിവ് ഒളിപ്പിക്കലിന്റെ (201, 203 വകുപ്പുകള്‍) പേരിലാണ് അറസ്റ്റിലായത്. കോടതി ശിക്ഷിച്ചാല്‍പോലും പരമാവധി രണ്ടോ മൂന്നോ വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന ഒരു സാധാരണ കേസില്‍, വിചാരണയോ വിധിപ്രഖ്യാപനമോ ഉണ്ടാവാതെ തന്നെ അവര്‍ പത്തു വര്‍ഷത്തെ കഠിനതടവ് ശിക്ഷയാണ് അനുഭവിച്ചത്. വിങ്ങുന്ന മനസ്സുകളില്‍ കൂടുതല്‍ നീറ്റലുകള്‍ തീര്‍ക്കുമ്പോള്‍ ഭരണഘടന നല്‍കുന്ന ഉറപ്പുകളോടും നീതിന്യായ വ്യവസ്ഥയോടും അവിശ്വാസ്യത വര്‍ദ്ധിച്ചുവരികയാണെന്നത് വിസ്മരിച്ചുകൂടാ.
പിന്‍കുറി: ലഭിച്ച വിവരമനുസരിച്ച് ഭോപ്പാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണ്. വെടിവച്ച പൊലിസുകാരെയും ഉത്തരവിട്ടവരെയും തൂക്കിലേറ്റണം. തങ്ങള്‍ക്ക് ആളുകളെ കൊലപ്പെടുത്താന്‍ അധികാരമുണ്ടെന്ന് കരുതുന്ന പൊലിസുകാര്‍ക്ക് തൂക്കുമരം തങ്ങളെ കാത്തിരിക്കുന്നുവെന്ന് ബോധ്യപ്പെടണം - ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."