ഏക സിവില്‍കോഡിന്റെ മറവില്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ നീക്കം: ഹൈദരലി തങ്ങള്‍
ശംസുല്‍ ഉലമാ നഗര്‍ (മലപ്പുറം): ഏക സിവില്‍കോഡിന്റെ മറവില്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ഭരണകൂടം നീക്കം നടത്തുന്നതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനുപിന്നിലെ ഗൂഢാലോചനകളും ഒളിയജന്‍ഡകളും തിരിച്ചറിയണം.
ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും തിരിച്ചറിഞ്ഞ നേതാക്കള്‍ നിര്‍മിച്ച ഭരണഘടനയെ മാറ്റിമറിക്കാന്‍ സാധ്യമല്ല. ഇസ്‌ലാമിക വിശ്വാസപ്രകാരം ജീവിക്കേണ്ടവരാണ് മുസ്‌ലിംകള്‍. രാജ്യത്തെ മറ്റു മതവിശ്വാസികളും വ്യത്യസ്തമായ വ്യക്തിനിയമം പിന്തുടരുന്നുണ്ട്. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ ഭരണഘടനാപരമാണെന്നിരിക്കെ, ഏക സിവില്‍കോഡിനുള്ള നീക്കം ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന ചില വര്‍ഗീയവാദികളുടെ ഗൂഢ തന്ത്രമാണ്. ഭരണകൂടം ഇത്തരം നീക്കത്തില്‍ നിന്ന് പിന്‍മാറണം. മുത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരേ ചില കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള മതമാണ് പരിശുദ്ധ ഇസ്‌ലാം. കൃത്യമായി ഇസ്‌ലാമിനെ മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. നല്ല രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം വിമര്‍ശനങ്ങളില്‍ നിന്ന് അവര്‍ പിന്‍മാറണം.
എല്ലാ ഭിന്നതകളും മറന്ന് ഇസ്‌ലാമിക ശരീഅത്തിനെ സംരക്ഷിക്കാന്‍ സമുദായം മുന്നോട്ടുവരണം. എന്നാല്‍, വിജയിക്കാനാവുമെന്നതില്‍ സംശയമില്ല. 1985ലെ ശബാനു ബീഗം കേസിനെ തുടര്‍ന്ന് സുപ്രിംകോടതി നടത്തിയ വിവാദ പരാമര്‍ശം ഇസ്‌ലാമിക ശരീഅത്തിനുമേല്‍ കൈവയ്ക്കാനുള്ള നീക്കമായിരുന്നു. ഈ നീക്കത്തെ ഇന്ത്യയിലെ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തങ്ങള്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപൂത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എസ്.കെ.ഐ.എം.വി ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സിറാജ് ഇബ്രാഹീം സേട്ട്, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് പ്രസംഗിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ.എ റഹ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.
ഭരണഘടനയുടെ
44-ാം വകുപ്പ് റദ്ദാക്കണം
മലപ്പുറം: ഭരണഘടനയിലെ മൗലികാവകാശമായ 25-ാം വകുപ്പിന്റെ മതേതര സ്വഭാവത്തിനെതിരായ 44-ാം വകുപ്പ് റദ്ദാക്കണമെന്ന് ശരീഅത്ത് സംരക്ഷണ റാലിയോടനുബന്ധിച്ചു നടന്ന സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അവതാരകനും സലീം എടക്കര അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു. ഏകസിവില്‍ കോഡ് നടപ്പാക്കുന്ന നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അവതാരകനും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് നടത്തുന്ന കാംപയിനിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രമേയം കെ.മമ്മത് ഫൈസി അവതരിപ്പിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ അനുവാദകനായി.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ക്കെതിരേ രൂപപ്പെട്ട പൊതുവേദിയില്‍ നിന്ന് വിട്ടുനിന്ന കാന്തപുരം വിഭാഗത്തിന്റെ കാപട്യം മുസ്‌ലിംകള്‍ തിരിച്ചറിയണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.കെ.എസ് തങ്ങള്‍ അവതാരകനും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അനുവാദകനുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."