ഗള്‍ഫ് നാടുകളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘം വലയിലായി
കൊച്ചി: ഉത്തരേന്ത്യയില്‍ നിന്ന് മയക്കുമരുന്ന് കേരളത്തിലെത്തിച്ച് ഗള്‍ഫ് നാടുകളിലേക്ക് കടത്തുന്ന സംഘം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) വലയിലായി. ഡല്‍ഹി സ്വദേശിയായ സംഘത്തലവന്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസം ഉണ്ടായേക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന അനില്‍ ജെയിന്‍ എന്നയാളാണ് പിടിയിലായത്. കേരളത്തില്‍ നിരവധിപേര്‍ക്ക് താന്‍ മയക്കുമരുന്ന് എത്തിച്ചതായി ഇയാള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറിയതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ അറിയിച്ചു. ഇയാള്‍ കൈമാറിയ പേരുകളില്‍ പലതും മയക്കുമരുന്ന് വിതരണക്കാരുടേതാണെന്നാണ് സൂചന.
കേരളത്തില്‍ മാരകമായ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്നതായി എന്‍.സി.ബി കൊച്ചി സബ്‌സോണ്‍ നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമായിരുന്നു. നേരത്തെ കഞ്ചാവ്, ചരസ് തുടങ്ങിയവ ഉപയോഗിച്ചിരുന്നവര്‍ അതീവ മാരകമായ മയക്കുമരുന്നുകള്‍ക്ക് അടിമകളാകുന്നതായും കണ്ടെത്തിയിരുന്നു. ഇത് കേരളത്തിലേക്ക് എത്തുന്ന മാര്‍ഗം സംബന്ധിച്ച് അന്വേഷിച്ച് വരുന്നതിനിടയിലാണ് കഴിഞ്ഞ ഡിസംബര്‍ പത്തിന് എറണാകുളം സൗത്ത് റെയിവേ സ്‌റ്റേഷനില്‍ നിന്ന് കെ.എച്ച് നവാസ് എന്നയാള്‍ പിടിയിലായത്. ബുപ്രെനോര്‍ഫൈന്‍, ഫെനാര്‍ഗെന്‍ എന്നിങ്ങനെ മാരകമായ മയക്കുമരുന്നുകള്‍ ഇയാള്‍ എറണാകുളത്തും സമീപ ജില്ലകളിലും വിതരണം ചെയ്തിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്, ന്യൂഡല്‍ഹിയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയായ അനില്‍ ജെയിന്‍ ആണ് ഈ സംഘത്തിന്റെ മുഖ്യതലവന്‍ എന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലിസ് അനില്‍ ജെയിനെ പിടികൂടുകയായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്ക്, വിശേഷിച്ച് കുവൈത്തിലേക്കാണ് ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുന്നത്. ഈ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."