നിലമ്പൂര്‍ മണ്ഡലത്തില്‍ ജലസേചനത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു
നിലമ്പൂര്‍: മണ്ഡലത്തില്‍ ജലസേചന വകുപ്പുകള്‍ വഴി നിരവധി പ്രവൃത്തികള്‍ നടന്നുവരുന്നതായി ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി.തോമസ് എം.എല്‍.എ പി.വി അന്‍വറിന്റെ ചോദ്യത്തിനു മറുപടി നല്‍കി. നബാര്‍ഡ് 21 ല്‍ ഉള്‍പ്പെടുത്തി തമ്പുരാട്ടിക്കല്ല് മുറംതൂക്കിയില്‍ നീര്‍പ്പുഴക്ക് കുറുകെ വി.സി.ബി കം ബ്രിഡ്ജ് നിര്‍മാണത്തിനായി 129 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ട്.
പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടിയുടെ പദ്ധതിക്കായി നടപടികള്‍ സ്വീകരിച്ചുവരുന്നു. അമരമ്പലം പഞ്ചായത്തില്‍ കുതിരപ്പുഴക്ക് കുറുകെ പാറക്കപ്പാടത്ത് 120 ലക്ഷം ചെലവിടുന്ന ചെക്ക് ഡാം പ്രവൃത്തി പുരോഗതിയിലാണ്. ചാലിയാര്‍ പഞ്ചായത്തില്‍ മൈലാടി കോളനിക്കുളം നിര്‍മാണം സ്ഥലം മാറ്റുന്നതിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ട്. എടക്കരയില്‍ മുപ്പിനി പുന്നപ്പുഴ വലതുകര സംരക്ഷണം 25 ലക്ഷം രൂപ, ഭൂതാനം, മുണ്ടേരി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി 5.6 ലക്ഷം രൂപ വീതം എന്നിവ പുരോഗതിയിലാണെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
നിലമ്പൂരില്‍ സ്ഥിരം തടയണകള്‍ ചെക്ക് ഡാമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എട്ട് അപേക്ഷകള്‍ ഉണ്ടെന്നും ഇതിനായി ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റുകള്‍ തയാറാക്കി വരികയാണെന്നും ചുങ്കത്തറ പഞ്ചായത്തില്‍ അരുംപുളിക്കല്‍ ചെക്ക് ഡാം നിര്‍മാണത്തിനായി ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ച 390 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ പരിശോധനയിലാണെന്നും മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."