ധിഷണാ വികാസത്തിന് മാതൃഭാഷ അറിഞ്ഞിരിക്കണം: വൈശാഖന്‍
തൃശൂര്‍: ധിഷണയുടെ വികാസത്തിന് മാതൃഭാഷ നന്നായി അറിഞ്ഞിരിക്കണമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ശ്രേഷ്ഠഭാഷാ സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലയാളഭാഷയെ സ്‌നേഹിക്കുക എന്നാല്‍ മറ്റു ഭാഷകളെ വെറുക്കുക എന്നല്ല അര്‍ത്ഥം.
ഭാഷയില്‍ സാമ്രാജ്യത്വ ബാധ്യത നിലനില്‍ക്കുന്നു. മാതൃഭാഷ അറിയാത്തവര്‍ പാതിമനുഷ്യരാണ്. മാതൃഭാഷക്കു വേണ്ടി അവകാശ സംരക്ഷണജാഥ നടത്തേണ്ട അവസ്ഥയാണിന്നുള്ളത്. നമ്മുടെ മാധ്യമത്തില്‍ പഠിച്ചാല്‍ ശരിയായ രീതിയില്‍ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഗവേഷണ പഠനങ്ങളിലൂടെ മാത്രം ഭാഷയുടെ പ്രതിസന്ധികള്‍ മറികടക്കാനാകില്ല. മാതൃഭാഷയുടെ ഉപയോഗം തന്നെയാണ് മുഖ്യം. ലോകസാഹിത്യത്തോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന കൃതികള്‍ നമുക്കുണ്ട്. എന്നാല്‍ ഇതിന് ശരിയായ രീതിയില്‍ വിവര്‍ത്തനങ്ങളുണ്ടാകണം. കടകളുടെ ബോര്‍ഡുകള്‍ വായിച്ചും മലയാളം പഠിക്കാം. എന്നാല്‍ നമ്മുടെ കടകളുടെ ബോര്‍ഡുകള്‍ ഇംഗ്ലീഷിലാണ്. നിര്‍ബന്ധമായും എല്ലാ സ്‌കൂളുകളിലും മാതൃഭാഷ പഠിപ്പിക്കണം.
മലയാളം നമുക്ക് അമൃതാണ്. അത് അതിജീവനശക്തിയാണ്. മലയാളഭാഷയെ അഭിമാനമായി കാണണം വൈശാഖന്‍ പറഞ്ഞു. പൂര്‍ണ വ്യക്തികളാകാന്‍ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നും ജനങ്ങള്‍ ഇടപെടുന്ന തലങ്ങളിലെല്ലാം മാതൃഭാഷ ഉപയോഗിക്കണമെന്നും സെമിനാറില്‍ പങ്കെടുത്ത് അക്കാദമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ് പറഞ്ഞു.
അറിവിന്റെ മേഖലകള്‍ വികസിക്കാന്‍ സര്‍ഗാത്മകത ഉണ്ടാകണമെന്നും സര്‍ഗാത്മകത വളര്‍ത്താന്‍ വ്യവഹാരഭാഷ പഠിച്ചിരിക്കണമെന്നും സെമിനാറില്‍ 'അധ്യയനഭാഷ' എന്ന വിഷയം അവതരിപ്പിച്ച ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സമഗ്രവ്യക്തിത്വത്തിന് മാതൃഭാഷയിലുള്ള അധ്യയനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിപരമായ കാപട്യശീലമാണ് മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പ്രേമമെന്ന് 'കോടതിഭാഷ' എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചുകൊണ്ട് അഡ്വ.സി.പി.ഉദയഭാനു പറഞ്ഞു.
പൊതുവായ ഒരു ഭാഷ സംസ്ഥാനങ്ങളിലുണ്ടെന്ന് പറയാനാകില്ല. ഒന്നിലധികം ഭാഷകള്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നു. അതേ പ്രശ്‌നം കോടതിയിലുമുണ്ട്. പലവിധഭാഷകളില്‍ സംസാരിക്കുന്നവര്‍ കോടതിയുമായി ബന്ധപ്പെടുന്നുണ്ട്- ഉദയഭാനു പറഞ്ഞു. ഭരണതലത്തില്‍ ഇപ്പോഴും എല്ലാ മേഖലകളിലും മലയാളം ഉപയോഗിക്കുന്നില്ലെന്നും സാങ്കേതികപദങ്ങള്‍ ധാരാളമുണ്ടെന്നും 'ഭരണഭാഷ'എന്ന വിഷയം അവതരിപ്പിച്ച് അഡ്വ.പി.ആര്‍.വിജയകുമാര്‍ പറഞ്ഞു. അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ സ്വാഗതവും സബ് എഡിറ്റര്‍ വി.എന്‍.അശോകന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."