വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ നേടിയ മലയാളി നഴ്‌സ് സഊദിയില്‍ ജയിലില്‍
റിയാദ്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ നേടിയ മലയാളി നഴ്‌സ് ജയിലില്‍. കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി നേടിയ പാല സ്വദേശിനിയാണ് അല്‍ഹസയില്‍ ജയിലിലില്‍ കഴിയുന്നത്. ഒറിജിനല്‍ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പ്രവര്‍ത്തിപരിചയം കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ചതാണ് വിനയായത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. ഇത് പാലിക്കാനായി ഇവര്‍ ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു.
ഇവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് സഊദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്പ്പഷ്യലിസ്റ്റീസിന് വെരിഫിക്കേഷന് നല്‍കിയപ്പോള്‍ അവര്‍ പ്രസ്തുത സ്വകാര്യ ആശുപത്രിയെ സമീപിച്ച് നിജസ്ഥിതി അന്വേഷിച്ചു വ്യാജമാണെന്ന കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് സെപ്തംബര്‍ ആദ്യവാരത്തില്‍ ഇവരെ ചോദ്യം ചെയ്യുകയും അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കുകയുമായിരുന്നു. ഇവരെ മോചിപ്പിക്കുന്നതിന് സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ മറ്റൊരു സംഭവത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റൊരു നഴ്‌സിനെ ആശുപത്രി അധികൃതര്‍ തന്നെ നാട്ടിലേക്കു കയറ്റി വിടുകയും ചെയ്തിരുന്നു.
നാട്ടില്‍ വന്‍ തട്ടിപ്പു നടത്തുന്ന സംഘമാണ് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു കൊടുക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരെ ലക്ഷ്യമാക്കിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഡാറ്റാ ഫ്‌ളോ കര്‍ശനമാക്കായതിനാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെടുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."