വിമാനയാത്രക്കിടെ ആകാശ കൊള്ളക്കാര്‍ വ്യാപകമെന്ന് സഊദി എയര്‍ലൈന്‍സ്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: വിമാനയാത്രക്കിടെ യാത്രക്കാരെ ലക്ഷ്യംവയ്ക്കുന്ന ആകാശ കൊള്ളക്കാര്‍ സജീവമെന്ന് സഊദി എയര്‍ലൈന്‍സ് (സഊദിയ) മുന്നറിയിപ്പ്.
യാത്രക്കാരുടെ വിലപിടിപ്പുള്ള ഉപകരണങ്ങളും വസ്തുക്കളും കൈക്കലാക്കുന്ന സംഘം സജീവമായതായാണ് സഊദിയ വ്യക്തമാക്കിയത്. തങ്ങളുടെ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകളില്‍ കൊള്ള സംഘത്തെ പിടികൂടിയതായും ഇവര്‍ ചൈനീസ് വംശജരാണെന്നും സഊദിയ വ്യക്തമാക്കി.
വിമാനയാത്രക്കിടെ ചൈനീസ് മോഷണസംഘത്തെ കുറിച്ച് അന്താരാഷ്ട്ര വ്യോമയാന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അസോസിയേഷന്‍ (അയാട്ട )നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ലോകത്തുള്ള നിരവധി മറ്റു വിമാന കമ്പനികളും ഇതേ നിര്‍ദേശം നല്‍കി കഴിഞ്ഞു. യാത്രക്കാര്‍ ഉറങ്ങുമ്പോഴും ഇറങ്ങുന്ന അവസരത്തിലും മറ്റും യാത്രക്കാരുടെ ശ്രദ്ധ മാറി പോകുന്ന സമയത്തുമാണ് കവര്‍ച്ചകള്‍ നടക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ജിദ്ദയില്‍ നിന്നും അബൂദബിയിലേക്കുള്ള സഊദി എയര്‍ലൈന്‍സിലാണ് ആദ്യ കവര്‍ച്ച കണ്ടെത്തിയത്. സുദാന്‍ വംശജന്റെ പഴ്‌സില്‍ നിന്നും 2000 റിയാല്‍ നഷ്ടമായെങ്കിലും വിമാന ജീവനക്കാരുടെ അവസരോചിത ഇടപെടലില്‍ ചൈനീസ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
ഒക്ടോബര്‍ 25 ന് ജിദ്ദയില്‍ നിന്നും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പോയ വിമാനത്തിലാണ് രണ്ടാമത്തെ ആകാശകൊള്ള. വിമാനം ഇറങ്ങുന്ന വേളയില്‍ യാത്രക്കാരന്റെ പണം അപഹരിക്കുന്നത് കണ്ടെത്തിയ ജീവനക്കാര്‍ ചൈനക്കാരനായ തസ്‌കരനെ പിടികൂടുകയും കൂടുതല്‍ പരിശോധനയില്‍ യാത്രക്കാരില്‍ നിന്നും മോഷ്ടിച്ച കൂടുതല്‍ ഡോളറുകളും മറ്റും കണ്ടെത്തുകയും ചെയ്തിരുന്നു.
അബുദാബിയില്‍ നിന്നും ജിദ്ദയിലേക്കുള്ള സഊദിയ വിമാനത്തിലാണ് മൂന്നാമത്തെ മോഷണം പിടികൂടിയത്.
വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് യാത്രക്കാരിയുടെ ഹാന്‍ഡ് ബാഗ് കൈക്കലാക്കാനുള്ള ചൈനീസ് വംശജന്റെ ശ്രമവും വിമാന ജീവനക്കാര്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ വ്യാപകമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സഊദി എയര്‍ലൈന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."