റസ്റ്റ് ഹൗസുകളിലെ സി.ബി.ഐ ക്യാംപ്: വിജിലന്‍സ് തെളിവെടുത്തു
സ്വന്തം ലേഖകന്‍
തലശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ക്യാംപ് ഓഫിസുകളുടെ വാടക കുടിശ്ശിക ഇനത്തില്‍ കിട്ടാനുള്ള പത്തുകോടിയോളം രൂപ തിരിച്ചുപിടിക്കാന്‍ വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്തി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ സംഘം തലശ്ശേരി റസ്റ്റ് ഹൗസിലുമെത്തി വാടകയിനത്തില്‍ അടക്കാനുള്ള സംഖ്യയുടെ വിവരങ്ങള്‍ ശേഖരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി തലശ്ശേരി റസ്റ്റ് ഹൗസില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചുവരുന്ന മൂന്നു മുറികളുടെ വാടക കുടിശ്ശികയുടെ പൂര്‍ണമായ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനിയറില്‍ നിന്നു വിജിലന്‍സ് വിഭാഗം ആവശ്യപ്പെട്ടു. പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് വിഭാഗത്തിന് അടുത്തുതന്നെ കൈമാറും. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച് ഒക്ടോബര്‍ 20ന് ഉത്തരവിട്ടത്. സി.ബി.ഐ സംഘം വാടക നല്‍കാതെ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പാര്‍ക്കുകയാണെന്നും ഇതുമൂലം സര്‍ക്കാരിനു പത്തുകോടി രൂപയോളം വാടക കുടിശ്ശിക ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
പൊതുമരാമത്ത് വകുപ്പ് നേരത്തെ തലശ്ശേരി റസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാംപ് ഓഫിസില്‍ വാടക അടയ്ക്കുന്നില്ലെങ്കില്‍ മുറികള്‍ ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് പതിച്ചിരുന്നു. തലശ്ശേരി റസ്റ്റ് ഹൗസിലെ മൂന്നു മുറികളാണു സി.ബി.ഐ ക്യാംപ് ഓഫിസായി പ്രവര്‍ത്തിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."