മുലപ്പാല്‍ ബദല്‍ പാനീയങ്ങളുടെ പരസ്യം ഖത്തര്‍ നിരോധിക്കും
ദോഹ: മുലപ്പാലിന് ബദലായി നല്‍കുന്ന പാനീയങ്ങളുടെ (ഫോര്‍മുല മില്‍ക്ക്) പരസ്യങ്ങള്‍ രാജ്യത്ത് നിരോധിക്കാന്‍ ഖത്തര്‍ നീക്കം. താഴ്ന്ന മുലയൂട്ടല്‍ നിരക്കില്‍ മാറ്റം വരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയമാണ് നിയമം കൊണ്ടുവരുന്നത്. നവജാത ശിശുക്കള്‍ക്കുള്ള കൃത്രിമ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കോണ്‍ഫറന്‍സുകളില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നതും ഇത്തരം പാലിന്റെ ഫ്രീ സാംപിളുകള്‍ അമ്മമാര്‍ക്ക് നല്‍കുന്നതും നിരോധിക്കുമെന്നും പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒഴിവാക്കാനാവാത്ത അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ മുലപ്പാലിന് പകരമായുള്ള ഫോര്‍മുല മില്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാവൂ എന്ന് ഡോക്ടര്‍മാരോട് നിര്‍ദേശിക്കും. നിയമം അധികം വൈകാതെ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥ ഡോ. അല്‍അനൂദ് ബിന്‍ത്ത് മുഹമ്മദ് അല്‍താനി വ്യക്തമാക്കി. കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുന്ന അമ്മമാരുടെ എണ്ണം ഖത്തറില്‍ 29 ശതമാനം മാത്രമാണെന്ന് 2012ല്‍ നടത്തിയ സര്‍ക്കാര്‍ സര്‍വേയില്‍ വ്യക്തമായിരുന്നു. ആഗോള ശരാശരി 37 ശതമാനമാണ്. മുലയൂട്ടല്‍ നിരക്ക് ചുരുങ്ങിയത് 50 ശമാനമാക്കി വര്‍ധിപ്പിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. അല്‍അനൂദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."