താളം തെറ്റി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ നടപ്പിലാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി താളംതെറ്റി. കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ തുടരുന്ന മെല്ലെപ്പോക്ക് നയം പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ നൂറുക്കണക്കിന് കുടുംബങ്ങളാണ് വനാന്തര ഗ്രാമങ്ങളില്‍ ദുരിത ജീവിതം നയിക്കുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട്, ഗോളൂര്‍, അമ്മവയല്‍, അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാമ്പകൊല്ലി, പങ്കളം, കോളൂര്‍, ചെട്ടിയാലത്തൂര്‍, നരിമാന്തികൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളിലായി 800 കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്‍പെട്ടിരുന്നത്.
ഇതില്‍ 12 ഗ്രാമങ്ങള്‍ നൂല്‍പ്പുഴ പഞ്ചായത്തിലും രണ്ട് ഗ്രാമങ്ങള്‍ മാനന്തവാടി, തിരുനെല്ലി പഞ്ചായത്തിലുമാണ്. ഇതില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ ഗോളൂര്‍, അമ്മവയല്‍, കൊട്ടങ്കര, കുറിച്യാട് എന്നീ നാലുഗ്രാമാങ്ങളിലെ കുടുംബങ്ങളെ മാത്രമാണ് പദ്ധതി പ്രകാരം ഇതുവരെ മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ തന്നെ കുറിച്യാട് വനാന്തരഗ്രാമത്തിലെ 45 കാട്ടുനായിക്ക വിഭാഗത്തില്‍പെട്ട യോഗ്യതാ കുടുംബങ്ങളെ ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടില്ല. ഇവര്‍ക്കായി ഭൂമി കണ്ടെത്തിയിരുന്നു.
എന്നാല്‍ മറ്റുനടപടികള്‍ ഒന്നുംതന്നെയായിട്ടില്ല. നിലവില്‍ 10 ലക്ഷം രൂപവീതമാണ് ഒരു കുടുംബത്തിന് പദ്ധതി പ്രകാരം നഷ്ടപരിഹാരമായി നല്‍കുന്നത്. എട്ടും പത്തും ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും 10സെന്റ് ഭൂമിയുള്ളവര്‍ക്കും ഒരേ തുകയാണ് ലഭിക്കുന്നത്. ഇത് കൊണ്ട് കാടിന് പുറത്ത് 10 സെന്റ് ഭൂമിവാങ്ങാന്‍ പോലും തികയില്ലെന്ന് ഇവര്‍ പറയുന്നു.
പുറം ലോകത്ത് നിന്നും മൂന്ന് മുതല്‍ ആറുകിലോമീറ്റര്‍ വരെ ഉള്‍വനത്തിലാണ് ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
പദ്ധതിയില്‍ ഉള്‍പെട്ടു എന്നതിന്റെ പേരില്‍ ഈ ഗ്രാമങ്ങളിലേക്ക് റോഡ്, വൈദ്യുതി, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. രാത്രിയായാല്‍ പുറത്ത് ജോലിക്ക് പോകുന്നവര്‍ക്ക് ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല.
തൊട്ടടുത്ത് ടൗണുകളിലെ പീടിക കോലായില്‍ അഭയം തേടുകയേ ഇവര്‍ക്ക് നിവൃത്തിയുള്ളു. ഈ സാഹചര്യത്തില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വനാന്തരഗ്രാമത്തിലെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."