കര്‍ഷകരിലും നാട്ടുകാരിലും ആശങ്ക പടര്‍ത്തി മാള ചാലിലേക്ക് ഉപ്പുവെള്ളം കയറുന്നു
മാള: കര്‍ഷകരിലും നാട്ടുകാരിലും ആശങ്ക പടര്‍ത്തി മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറുന്നു. കേടുവന്ന റഗുലേറ്ററില്‍ പലകകള്‍ നിരത്തിയെങ്കിലും മണ്ണ് നിക്ഷേപിച്ച് പഴുതുകള്‍ അടക്കാത്തത് കാരണമാണ് ഉപ്പ് വെള്ളം കയറുന്നത്.
അതേ സമയം ഇതിന് പരിഹാരം ഉണ്ടാക്കാനായി രണ്ട് തടയണകള്‍ക്കായി ഇറക്കിയിട്ടിരിക്കുന്നത് കെട്ടിടങ്ങള്‍ പൊളിച്ച വേസ്റ്റ്. എല്ലാ വര്‍ഷവും നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് തടയണ നിര്‍മ്മിക്കുക പതിവെങ്കിലും ഇത്തവണ മഴ കുറവായതിനാല്‍ നേരത്തെ മുതല്‍ മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറി തുടങ്ങി.
കെ.എസ്.ആര്‍.ടി.സിക്കും മാള മുഹിയുദ്ദീന്‍ ജുമാ മസ്ജിദിനും ഇടയില്‍ വരുന്ന മാളച്ചാല്‍ പ്രദേശത്തുള്ള തടയണയുടെ ഉപ്പുവെള്ളം നിറഞ്ഞ ഭാഗത്ത് മറുഭാഗത്തേക്കാള്‍ രണ്ടടിയിലേറെ വെള്ളം കൂടുതലുണ്ട്. ഇതുമൂലം വളരെയേറെ സമ്മര്‍ദ്ധമാണ് തടയണക്കുള്ളത്.തടയണ നിര്‍മിക്കാനായി നിരത്തിയ പലകകളുടെ വിടവുകളിലൂടെ ശക്തമായ ചോര്‍ച്ചയാണുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച റഗുലേറ്റര്‍ പൊട്ടിപ്പൊളിഞ്ഞ് നാശമായ ഭാഗത്താണ് വര്‍ഷങ്ങളായി താല്‍ക്കാലിക തടയണ നിര്‍മ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത് ഓഫിസിനും പഞ്ചായത്ത് ബസ് സ്റ്റാന്റിനും ഇടയില്‍ വരുന്ന മാളച്ചാലിന്റെ ഭാഗത്തും തടയണ നിര്‍മ്മിക്കേണ്ടതുണ്ട്. മാളച്ചാലിലേക്ക് വന്‍തോതില്‍ ഉപ്പുവെള്ളം കയറുന്നത് മൂലം വളരെയേറെ ദുരിതമാണ് ജനങ്ങള്‍ക്കുണ്ടാവുന്നത്. ഹെക്റ്ററുകണക്കിന് കൃഷി ഭൂമികളിലേക്ക് ഉപ്പുവെള്ളം എത്തുന്നത് കൃഷി നാശത്തിന് കാരണമാകുന്നു.
കൂടാതെ മാളടൗണിലേയും സമീപ പ്രദേശങ്ങളിലേയും കിണറുകളിലെ ജലത്തിലേക്കും ഉപ്പ് കലരുന്ന കുടിക്കാനും മറ്റ് ഗാര്‍ഹീകാവശ്യങ്ങള്‍ക്കും വെള്ളത്തിന് വേറെ മാര്‍ഗം തേടേണ്ട അവസ്ഥയാണുണ്ടാകുന്നത്. ഉപ്പുവെള്ളം മാളച്ചാലിലേക്ക് എത്താതിരിക്കാനായി തടയണ നിര്‍മിക്കുന്നതിന് വേണ്ടി രണ്ടിടത്തും ഇറക്കിയിരിക്കുന്നത് കെട്ടിടം പൊളിച്ച വേസ്റ്റാണ്. ചെമ്മണ്ണ് ഉപയോഗിച്ച് തടയണ നിര്‍മ്മിക്കേണ്ട സ്ഥാനത്താണ് കെട്ടിടവേസ്റ്റ് ഇറക്കിയിരിക്കുന്നത്.
കല്ലും സിമന്റ്കട്ടയും മരക്കഷ്ണങ്ങളും കമ്പിയും ആണിയും വരെ ഇതിലുണ്ട്. വലിയ ക്രമക്കേടാണിതിലുള്ളതെന്നാണ് ഉയരുന്ന ആക്ഷേപം. വര്‍ഷക്കാലത്ത് മഴ ശക്തമായി പെയ്യുന്ന സമയത്ത് തടയണ പൊട്ടിക്കുകയാണ് പതിവ്. കെട്ടിട വേസ്റ്റുകള്‍ ഉപയോഗിച്ച് തടയണ നിര്‍മ്മിച്ചാല്‍ മാളച്ചാലിലെ മത്സ്യങ്ങള്‍ക്കും മറ്റും ഇവ ഭീഷണി സൃഷ്ടിക്കുന്നത് കൂടാതെ മാളച്ചാലിലേക്ക് ഇറങ്ങുന്നവര്‍ക്കും വലിയ ഭീഷണിയാകും.
കല്ലും മറ്റുമായി നന്നായി മണ്ണ് ഫില്ലാവാന്‍ സാധ്യത കുറവായതിനാല്‍ ഉപ്പുവെള്ളം ഊര്‍ന്നിറങ്ങാനുമിടയാകും. കുറ്റിയടിച്ച് തടയണ നിര്‍മ്മിക്കുന്നതിന് രണ്ടു ലക്ഷത്തില്‍പ്പരം രൂപയും കുറ്റിയടിക്കാതെയുള്ളതിന് ഒരു ലക്ഷത്തില്‍പ്പരം രൂപയുമാണ് ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്. ഈ ക്രമക്കേടിനെ സംബന്ധിച്ച് അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."