ശബരിമലയില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: തീര്‍ഥാടനകേന്ദ്രമായ ശബരിമലയില്‍ സുരക്ഷാഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ ഉപകരണങ്ങള്‍ക്ക് കണ്ടുപിടിക്കാനാകാത്ത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന സീസണിലാണ് സുരക്ഷാ ഭീഷണിയുള്ളത്. ശബരിമലയിലെയും ചുറ്റുവട്ടത്തെയും സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി പിഴവുകള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മേഖലയുടെ രൂപരേഖ വിവിധ ഭീകരസംഘടനകളുടെ കൈവശം ഉണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ മണ്ഡല കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്.
സുരക്ഷാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോയമ്പത്തൂരില്‍ നിന്ന് കേന്ദ്രദ്രുതകര്‍മസേനയുടെ 150 അംഗങ്ങള്‍ ശബരിമലയിലെത്തുമെന്നാണ് സൂചന. ആദ്യസംഘം രണ്ടു ദിവസത്തിനുള്ളില്‍ സന്നിധാനത്തെത്തും. പമ്പയിലും സന്നിധാനത്തുമായി ഏകദേശം 3,000 പൊലിസുകാരെയാണ് സുരക്ഷാ നിര്‍വഹണത്തിനായി ചുമതലപ്പെടുത്തുക. മകരവിളക്ക് സമയത്ത് പൊലിസുകാരുടെ എണ്ണം ഇരട്ടിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."