റോഡപകടങ്ങള്‍ കുറക്കാന്‍ ജില്ലയില്‍ കര്‍മപദ്ധതി
മലപ്പുറം: ജില്ലയിലെ പൊതുനിരത്തുകളെ അപകടരഹിതമാക്കുന്നതിനുള്ള വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നു ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍. കൂടുതല്‍ അപകടസാധ്യതയുള്ള 15 ബ്ലാക്ക് സ്‌പോട്ടുകളില്‍ അടിയന്തരമായി നടപ്പാക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ പൊലിസ് സബ്ഡിവിഷനുകളിലായി 15 ബ്ലാക്ക് സ്‌പോട്ടുകളില്‍ നടപ്പാക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു പൊലിസ്, മോട്ടോര്‍വാഹന വകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. കൂടാതെ അപകടസാധ്യതയുള്ള 19 സ്‌പോട്ടുകള്‍കൂടി ഉള്‍പ്പെടുത്തി ആകെ 34 കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖയാണ് സര്‍ക്കാറിന്റെ പരിഗണനയ്ക്കു നല്‍കുക.
പുതുതായി കണ്ടെത്തുന്ന 19 സ്‌പോട്ടുകളില്‍ നവംബര്‍ 18നകം പരിശോധന പൂര്‍ത്തിയാക്കും.
തിരൂര്‍ സബ്ഡിവിഷനു കീഴില്‍ ദേശീയപാത 17ലെ വട്ടപ്പാറ, പാലച്ചിറമാട്, മൂടാല്‍, ചങ്ങരംകുളം ചിയ്യാനൂര്‍, സംസ്ഥാനപാതയിലെ കണ്ണംകുളം, മലപ്പുറം സബ്ഡിവിഷനിലെ വാറങ്കോട്, അത്താണിക്കല്‍, കാക്കഞ്ചേരി, വെന്നിയൂര്‍, മഞ്ചേരി നറുകര, അഴിഞ്ഞിലം ബൈപാസ്, പെരിന്തല്‍മണ്ണ സബ്ഡിവിഷനിലെ അരിപ്ര വളവ്, പാണ്ടിക്കാട് ടൗണ്‍ ജങ്ഷന്‍, ചെറുകോട് താടിവളവ്, മമ്പാട് പൊങ്ങല്ലൂര്‍, എടക്കര പൂച്ചക്കുത്ത് എന്നിവയാണ് ആദ്യഘട്ട പരിശോധനയ്ക്കു തെരഞ്ഞെടുത്ത 15 ബ്ലാക്ക് സ്‌പോട്ടുകള്‍.
ഇവിടങ്ങളില്‍ വലിയ പണച്ചെലവില്ലാതെ അടിയന്തരമായി ചെയ്യാവുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ സ്ഥലത്തും താല്‍ക്കാലികമായി ചെയ്യാവുന്നതും സ്ഥിരമായി നടപ്പാക്കാവുന്നതുമായ പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കണം. ഇവ ക്രോഡീകരിച്ചാണ് സര്‍ക്കാറിനു പ്രൊപ്പോസല്‍ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."