കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യ കോടതികള്‍: സെബാസ്റ്റിയന്‍ പോള്‍
ആലപ്പുഴ : പൊതുജനങ്ങള്‍ക്ക് അറിയാനുളള അവകാശം നിഷേധിച്ച് കോടതികള്‍ തുടരുന്നത് സ്വകാര്യമായിട്ടെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. മാധ്യമ പ്രവര്‍ത്തകരുടെ അഭാവത്തില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനമാണ്. കോടതി മുറിക്കുളളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിയാനുളള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇതിനെയാണ് അഭിഭാഷകര്‍ ഹനിക്കുന്നത്.
ഫോര്‍വേഡ് ബ്ലോക്കിന്റെ ഫേസ് ബുക്ക് പേജ് പ്രകാശനത്തിനായി ആലപ്പുഴയിലെത്തിയ സെബാസ്റ്റ്യന്‍ പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. നീതി നിര്‍വഹണത്തില്‍ വിശ്വാസ്യത ഉണ്ടാകണമെങ്കില്‍ തുറന്ന കോടതിയായിരിക്കം പ്രവര്‍ത്തിക്കേണ്ടത്. അതിനായി മാധ്യമങ്ങളുടെ സാനിധ്യം ഉറപ്പിക്കണം. ജുഡീഷ്യറിയുടെ വിശ്വാസ്യത ദിനേന ഇടിയുകയാണ്. വിശ്വാസ്യതയില്ലെങ്കില്‍ കോടതികള്‍ കൊണ്ട് ഒരു കാര്യവുമില്ല. ജഡ്ജിമാരും വിവേകമുള്ള അഭിഭാഷകരും ഇത് ഗൗരവമായി കണക്കിലെടുക്കണം.
സ്വന്തം കോടതിമുറികള്‍ സംരക്ഷിക്കാന്‍ ന്യാധിപന്മാര്‍ക്കു കഴിയുന്നില്ലെന്നതിനു തെളിവാണ് ഹൈകോടതിയിലെയും വഞ്ചിയൂര്‍, വിജിലന്‍സ് കോടതികളിലെയും സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.എന്ത് അഴിഞ്ഞാട്ടവും കോടതിയില്‍ നടത്താമെന്ന ചില ന്യാധിപന്മാരുടെ നിലപാടാണ് അഭിഭാഷകര്‍ക്ക് സഹായകമാകുന്നത്. ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിനു കേസ് എടുത്താല്‍ നിലക്ക് നിര്‍ത്താന്‍ കഴിയും.ഇത് ജഡ്ജിമാര്‍ക്ക് കഴിയണം. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് കൊണ്ട് ഒരാള്‍ക്കും ജോലി നഷ്ടമാകുകയോ ഒരു പത്രത്തിന്റെ പോലും കോപ്പികള്‍ കുറയുകയോ ചെയ്തിട്ടില്ല.
കോടതികളില്‍ എന്ത് നടക്കുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.മാധ്യമ പ്രവര്‍ത്തകരെ തടയുക വഴി കോടതിയില്‍ നടക്കുന്നത് അറിയാന്‍ കഴിയുന്നില്ല.അങ്ങിനെ വന്നാല്‍ പൊതുജനം തന്നെ വിഷയത്തില്‍ ഇടപെടുന്ന സ്ഥിതിയുണ്ടാകും.സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്.അഭിഭാഷകരുടെ നിലപാടിനെതിരെ ലോയേഴ്‌സ് യൂണിയന്‍ രംഗത്ത് വന്നത് വൈകിയാണ്. നിലപാട് നേരത്തെ വ്യക്തമാക്കേണ്ടതായിരുന്നു. മീഡിയ റൂം വിഷയത്തില്‍ ഹൈക്കോടതി സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് വകീലാന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ഈ വിഷയത്തില്‍ ജൂലൈ 19 നു മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് വേണ്ടത്.മാധ്യമങ്ങള്‍ക്കു ഉത്തരവാദിത്തമില്ലെന്ന് ആരോപിച്ചു അവയെ നിയന്ത്രിക്കാനോ നിരോധിക്കണോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തും. മാധ്യമ നിരോധനത്തിന്റെ ഭവിഷ്യത്ത് രാജ്യത്തെ ജനങ്ങള്‍ മുന്‍പ് അനുഭവിച്ചിട്ടുള്ളതാണ്. മാധ്യമ ബഹിഷ്‌കരണത്തിലൂടെ പ്രതിസന്ധിയിലായ അഭിഭാഷകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപം ചൊരിയുന്നത് നിര്‍ത്തണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."