യുവാക്കളെ പൊലിസ് ലോക്കപ്പിലിട്ട് മര്‍ദിച്ചവശരാക്കിയെന്ന് വി.എം സുധീരന്‍
വടക്കാഞ്ചേരി: പീഡന കേസില്‍ ആരോപണ വിധേയരായ നഗരസഭ കൗണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ മൃഗീയമായി ലാത്തി ചാര്‍ജ് നടത്തുകയും, ലോക്കപ്പിട്ട് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്ത പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് പുറത്താക്കണമെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവും, നിയമ നടപടികളും സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.
നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കളെ തല്ലിച്ചതച്ച് അവരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഒരാളുടെ തല തല്ലി പൊളിച്ചു 17 കാരനായ വിദ്യാര്‍ഥിയുടെ കേള്‍വി ശക്തി നഷ്ടപ്പെടുത്തി. മറ്റൊരു യുവാവിനെ ബൂട്ടിട്ട് ചവിട്ടിയതിനെ തുടര്‍ന്ന് കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റിരിക്കുകയാണ്. ഇത്തരം ക്രൂരതകള്‍ നോക്കിയിരിക്കാനാവില്ല.
പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് പുറത്താക്കുന്നതോടൊപ്പം യുവാക്കളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സുധീരന്‍. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍, മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍, കെ.അജിത്കുമാര്‍, ഇ.കെ ദിവാകരന്‍, എന്‍.ആര്‍ സതീശന്‍, എന്‍.എ സാബു, ഷാഹിദ റഹ്മാന്‍, സിന്ധു സുബ്രഹ്മണ്യന്‍, ടി.വി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."