ഏറ്റുമാനൂരില്‍ അഗ്നിബാധ: ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു വീട് ഭാഗികമായി കത്തി
ഏറ്റുമാനൂര്‍: വ്യാഴാഴ്ച വെളുപ്പിനെ കാരിത്താസ് ജങ്ഷന് സമീപവും ഏറ്റുമാനൂരിലും ഉണ്ടായ അഗ്‌നിബാധയില്‍ സ്വകാര്യസ്ഥാപനത്തിന്റെ ഗോഡൗണ്‍ പൂര്‍ണമായും ഒരു വീട് ഭാഗികമായും കത്തി നശിച്ചു. തെള്ളകം പുല്ലുകാലായില്‍ പി.എസ് കുര്യച്ചന്റെ ഉടമസ്ഥതയിലുള്ള എല്‍ബാ ട്രേഡേഴ്‌സിന്റെ ഗോഡൗണും അപ്‌ഹോള്‍സ്റ്ററി യൂനിറ്റും ഒന്നിച്ചുള്ള കെട്ടിടമാണു കാരിത്താസ് ജങ്ഷന് സമീപം കത്തിയമര്‍ന്നത്.
അപ്‌ഹോള്‍സ്റ്ററി യൂനിറ്റിലെ കംപ്രസറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്നു കരുതുന്നു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാലു മണിയോടെ ഗോഡൗണിനടുത്തു താമസിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണു തീ പടരുന്നത് കണ്ടത്.
തൊട്ടടുത്ത് താമസിക്കുന്ന ഉടമയെ വിവരം അറിയിച്ചെങ്കിലും തീ നിയന്ത്രണാതീതമായി പടര്‍ന്നിരുന്നു. കോട്ടയം, കടുത്തുരുത്തി, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നും എത്തിയ നാല് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ ഏതാണ്ട് നാലുമണിക്കൂറോളം നീണ്ട പരിശ്രമത്താലാണു തീ അണച്ചത്.
ജി.ഐ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര മൊത്തം കത്തിയമര്‍ന്നു. രണ്ട് ഹാളും ഒരു മുറിയുമുള്‍പ്പെടെ 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കാര്‍പ്പറ്റുകളും ബെഡ്ഷീറ്റുകളുമാണു സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത ഹാളില്‍ അപ് ഹോള്‍സ്റ്ററി യൂനിറ്റിന്റെ യന്ത്ര സാമഗ്രികളും സെറ്റി, സോഫ തുടങ്ങിയവയും അനുബന്ധ സാമഗ്രികളുമായിരുന്നു. സിന്തറ്റിക് ഉപയോഗിച്ചുള്ള കാര്‍പെറ്റിനും പോളിത്തീന്‍ കവറുകള്‍ക്കും തീ പിടിച്ചത് നിയന്ത്രണവിധേയമാക്കാന്‍ കാലതാമസം നേരിട്ടു.
ഏറ്റുമാനൂരില്‍ കിഴക്കേ നടയിലുള്ള വലിയിടത്തില്ലത്ത് ഹരികുമാറിന്റെ വീടിന് രാവിലെ 5.15ന് തീ പിടിച്ചത് ഏറെ പരിഭ്രാന്തി പടര്‍ത്തി. ആളപായമില്ല. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഭാഗവും മുറികളുടെ മച്ചും ഉത്തരവും കുളിമുറിയും തീയിലമര്‍ന്നു.
വീടിനോട് ചേര്‍ന്നുള്ള ആയുര്‍വേദ മരുന്ന് കമ്പനിയുടെ പാക്കിങ് സാമഗ്രികളും അഗ്‌നിക്കിരയായി. കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂറിലേറെ ശ്രമിച്ചാണു തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."