നോട്ട് നിരോധം മുതലെടുത്തും തൊഴില്‍ നഷ്ടപ്പെടുത്തിയും ജനം
മട്ടാഞ്ചേരി: നോട്ട് നിരോധം സാധാരണക്കാരെയും തൊഴിലാളികളെയും ഒരേ പോലെ പ്രതിസന്ധിയിലാക്കിയപ്പോള്‍ അതിനെ മുതലെടുത്തും കൊച്ചിയില്‍ ചിലര്‍ രംഗത്തെത്തി. വിവിധ ഭാഗങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് എത്തിയ തൊഴിലാളികള്‍ പണിയെടുക്കാതെ വീട്ടിലേക്ക് മടങ്ങി. വൈകുന്നേരം കൂലിയായി അഞ്ഞൂറിന്റെ നോട്ടാണ് നല്‍കുന്നതെന്ന് കോണ്‍ട്രാക്ടര്‍ പറഞ്ഞതാണ് ഇവര്‍ മടങ്ങാന്‍ കാരണം.
നോട്ടു അടുപ്പില്‍ വെച്ചാല്‍ വയറു നിറയില്ലെന്ന് പറഞ്ഞായിരുന്നു മടക്കം. എന്നാല്‍ ചില തൊഴിലാളികള്‍ ചിലയിടങ്ങളില്‍ 500 വേണ്ട 200 രൂപ തന്നാല്‍ മതിയെന്നു പറഞ്ഞ് കൂലിപ്പണിയില്‍ വ്യാപൃതരായതും ഇന്നലത്തെ പ്രത്യേകതയായിരുന്നു.
തോപ്പുംപടി പള്ളുരുത്തി ഭാഗങ്ങളില്‍ നോട്ടുകച്ചവടവും മുറയ്ക്കു നടന്നു. 500 ന്റെ നോട്ടിന് 425 മുതല്‍ 475 രൂപയാണ് ഇവര്‍ നല്‍കിയത്. മറ്റൊന്നു ബിവറേജിനു മുന്നില്‍ ചിലര്‍ 500 ന്റെ നോട്ടിന് 400 രൂപയുടെ മദ്യം നല്‍കിയും മുതലെടുത്തു. ഈ കച്ചവടത്തിനു പിന്നില്‍ ബിവറേജിലെ ജീവനക്കാര്‍ക്കും പങ്കുള്ളതായും ആരോപണമുണ്ട്.
ചെറിയ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ പട്ടിണി കിടന്നവരുമുണ്ട് തലേദിവസം കൂലിയായ ലഭിച്ച 500 ന്റെ നോട്ടു് കടക്കാര്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഒരു വീട്ടമ്മ പട്ടിണി കിടന്ന സംഭവവുമുണ്ട് ഇത് ഒറ്റപ്പെട്ട സംഭവമാകാന്‍ ഇടയില്ല. പലചരക്ക് കടം ചോദിച്ചപ്പോള്‍ രണ്ടു മൂന്നു ദിവസത്തേക്ക് കടമില്ലെന്നു പറയാനും കടക്കാരന്‍ മടിച്ചില്ലത്രെ.
തോപ്പുംപടിയില്‍ നിന്നും അരൂര്‍ ഭാഗത്തേക്ക് കെ.എസ് ആര്‍.ടി.സി.യില്‍ സൗജന്യ യാത്ര തരപ്പെടുത്താനും ചിലര്‍ക്ക് കഴിഞ്ഞു. ഹ്രസ്വ ദുരമാണെങ്കിലും യാത്രക്കാര്‍ എല്ലാവരും നീട്ടിയത് 500 ന്റെ നോട്ടുകളായിരുന്നു. ആദ്യം ഒന്നു രണ്ടു പേര്‍ക്ക് ടിക്കറ്റു നല്‍കിയപ്പോള്‍ യാത്രക്കാര്‍ നീട്ടിയതാവട്ടെ അഞ്ഞൂറിന്റെ നോട്ടും ഇതോടെ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കല്‍ നിര്‍ത്തി. അപ്പോഴേക്കം ബസ്സ് എറെ മുന്നോട്ടു പൊയ്ക്കഴിഞ്ഞിരുന്നു, അങ്ങിനെ സൗജന്യ യാത്രയും ചിലര്‍ തരപ്പെടുത്തിയെന്നു ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."