എയ്ഡഡ് അധ്യാപക നിയമനത്തിലെ 'ഉടക്കുകള്‍'നീങ്ങി
ചെറുവത്തൂര്‍: ഉത്തരവിലെ അവ്യക്തതകള്‍ കാരണം നിയമനാംഗീകാരം ലഭിക്കാത്ത നൂറുകണക്കിന് എയ്ഡഡ് അധ്യാപകരുടെ നിയമനാംഗീകാരത്തിനു വഴി തെളിയുന്നു. അവ്യക്തതകള്‍ നീക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറങ്ങി. അപ്‌ഗ്രേഡ് ചെയ്ത വിദ്യാലയങ്ങളിലെ നിയമനങ്ങള്‍, അവധി ഒഴിവുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍, കുട്ടികളുടെ എണ്ണം കുറഞ്ഞ വിദ്യാലയങ്ങളിലെ നിയമനം എന്നിവയ്ക്കാണ് വ്യക്തത വന്നിരിക്കുന്നത്. 1979 മെയ് 22 നുശേഷം പുതുതായി ആരംഭിക്കുകയോ, അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്ത വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ഒരു സംരക്ഷിത അധ്യാപകനെയെങ്കിലും നിയമിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം വരെയുള്ള നിയമനങ്ങള്‍ക്ക് ബാധകമല്ല. കഴിഞ്ഞ ജനുവരി 29 ലെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തിലുള്ള അധികതസ്തികകള്‍ അടക്കമുള്ളവയ്ക്ക് അംഗീകാരം ലഭിക്കും. ഇത്തരം വിദ്യാലയങ്ങളില്‍ നിലവില്‍ സംരക്ഷിത അധ്യാപകര്‍ ഉണ്ടെങ്കില്‍ അവര്‍ തുടരും. 2016-17 അധ്യയനവര്‍ഷത്തെ ഒഴിവുകള്‍ സംരക്ഷിത അധ്യാപകരെ ഉപയോഗിച്ച് നികത്തണമെന്നാണ് നിര്‍ദേശം.
2011-12 അധ്യയന വര്‍ഷം മുതല്‍ 2015-16 അധ്യയന വര്‍ഷം വരെ അവധി ഒഴിവുകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്കുവിധേയമായി അംഗീകാരം നല്‍കും. ഒരു അധ്യയന വര്‍ഷത്തില്‍ കുറവുള്ള ഒഴിവുകളിലെ നിയമനങ്ങള്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മാത്രമേ അംഗീകരിക്കൂ. 2011-12 വര്‍ഷം നിയമിക്കപ്പെട്ടവര്‍ക്ക് 1:45 അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ തസ്തിക ലഭ്യമാണെങ്കില്‍ അംഗീകരിക്കും. 2012-13 അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 1:30, ആറു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ 1:35, എട്ട്,ഒന്‍പത് ക്ലാസുകളില്‍ 1:45 അനുപാതത്തില്‍ കുട്ടികളുണ്ടെങ്കില്‍ അംഗീകാരം നല്‍കും. 2016 ജനുവരി മുതല്‍ നടത്തിയിട്ടുള്ള മൂന്നുമാസം വരെയുള്ള അവധി ഒഴിവുകള്‍ക്ക് നിയമനാംഗീകാരം നല്‍കില്ല.
ഒരു ക്ലാസില്‍ 15 കുട്ടികളില്‍ കുറവായ അനാദായകരമായ സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അംഗീകാരം നല്‍കും. ക്ലാസ് ശരാശരി 15 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ വ്യവസ്ഥകള്‍ പ്രകാരം അംഗീകാരം നല്‍കും. ഒരേ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ നിന്നും മതിയായ എണ്ണം കുട്ടികളുള്ള സ്‌കൂളുകളിലെ അംഗീകൃത ഒഴിവുകളിലേക്ക് നിയമാനുസൃതം സ്ഥലം മാറ്റം നടത്താം. നിയമനാംഗീകാര പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസം മാപ്പാക്കുന്നതിനു നല്‍കിയ നിവേദനങ്ങള്‍ പരിശോധനാസമിതി പരിശോധിക്കും. 2016നു ശേഷം ലഭിച്ച പ്രൊപ്പോസലുകള്‍ ഇത്തരത്തില്‍ പരിഗണിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."