കച്ചവടതന്ത്രം മണക്കുന്ന എക്‌സിറ്റ്‌പോളുകള്‍
കേരളത്തെ ഇനി ആര് ഭരിക്കണമെന്ന് വിധിയെഴുതി അതിന്റെ ഫലം കാത്തിരിക്കുകയാണ് ഓരോ കേരളീയനും. പോളിങ് ശതമാനത്തിലെ വ്യത്യാസങ്ങളെ ഓരോ മുന്നണിക്കും അനുകൂലമായി മുന്നണി നേതാക്കള്‍ അവകാശപ്പെട്ടും മാധ്യമങ്ങള്‍ വളരെ വിശദമായി വിശകലനം ചെയ്ത് കൂട്ടിക്കിഴിക്കലുകള്‍ തുടരുന്ന കാഴ്ചയും മെയ് 19 ന്റെ സൂര്യോദയം വരെ സാധാരണം. ഇതിനിടെയാണ് ഒരുപാട് മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തു വരാറുള്ളത്. ഈ എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തിലാവും പിന്നീട് ഓരോ രാഷ്ട്രീയ നിരീക്ഷകരടക്കം മറ്റു പലരും ചര്‍ച്ചകളില്‍ സജീവമായി തുടരുന്നത്.
ജനഹിതത്തിന്റെ മനശാസത്രം പഠിച്ച ഒരു വിഭാഗത്തിന്റെ കച്ചവട തന്ത്രം മാത്രമാണ് എക്‌സിറ്റ്‌പോളുകള്‍ എന്നും നിരീക്ഷിക്കാം. പോളിങ് കഴിഞ്ഞ മെയ് 16 ന് വൈകിട്ട് വാര്‍ത്ത ചാനലുകളില്‍ ഒരുപാട് മാധ്യമങ്ങള്‍ പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന്റെ പിറകിലെ കച്ചവടകണ്ണുകള്‍ കാണാന്‍ കഴിയും. ഫലം അറിയുന്ന ദിവസം വരെ ചാനലുകള്‍ക്ക് മുന്നില്‍ ഇരുത്തി റേറ്റിങ് കൂട്ടാന്‍ മാധ്യമങ്ങള്‍ കൂട്ടായി സൃഷ്ടിച്ചെടുത്ത ഒരു തന്ത്രം മാത്രമാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ എന്നതില്‍ സംശയമില്ല.
ഒരു മുന്നണിയെയും മുഷിപ്പിക്കാതെ എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വ്യത്യസ്തമായ ഫലങ്ങളാവും ഇവര്‍ പുറത്തു വിടുക. കേരളത്തിലെ ഇന്നത്തെ സാഹചര്യം മനസിലാക്കി തയാറാക്കിയ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഭരണ വിരുദ്ധ വികാരമാണ് അലയടിക്കുന്നതെന്ന അടിസ്ഥാനത്തില്‍ കുറച്ചു മാധ്യമങ്ങള്‍ ഇടതുപക്ഷം ഭരണത്തില്‍ വരുമെന്നും ചില മാധ്യമ എക്‌സിറ്റ് ഫലങ്ങള്‍ യു.ഡി.എഫ് ഭരണതുടര്‍ച്ച കൈവരിക്കുമെന്നും അതിലുപരി ഇന്നത്തെ കേരളത്തിന്റെ സാഹചര്യം പഠിച്ച ഇവര്‍ എന്‍.ഡി.എക്ക് 8 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ എല്ലാം കൂട്ടിവായിക്കുന്ന ഒരു സാധാരണ മലയാളിക്ക് മനസിലാവും ഇതിന്റെ പിറകിലെ കുടില തന്ത്രം.
കേരളത്തില്‍ നടത്തിയ ഈ എക്‌സിറ്റുപോള്‍ ഫലങ്ങള്‍ അല്ല കേരള ഭരണം തീരുമാനിക്കുന്നത് എന്ന് ആദ്യമേ തിരിച്ചറിയുക. മറിച്ച് 28 ലക്ഷം കന്നി വോട്ടര്‍മാരടക്കം 2 കോടിയിലേറെ വോട്ടര്‍മാരുടെ യഥാര്‍ഥ മനസാക്ഷിയാണ് വിധിയെഴുതുന്നത് ഇനി കേരളം ആര് ഭരിക്കണമെന്നത്. മലയാളിയുടെ മനസിനെ പ്രലോഭനങ്ങള്‍ക്കൊണ്ടും കാട്ടിക്കൂട്ടലുകള്‍ക്കൊണ്ടൊന്നും സ്വാധീനിക്കാന്‍ കഴിയില്ലയെന്നത് ഓരോ മുന്നണിക്കും നല്ലപോലെ അറിയാവുന്ന കാര്യമാണ്.
പൊതുവേ ചിന്താശേഷി കൂടിയവരായ മലയാളികള്‍ സമ്മതിദായകവകാശം വിനിയോഗിക്കുന്നത് യഥാര്‍ഥത്തെ ഉള്‍ക്കൊണ്ട് മാത്രമാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. എക്‌സിറ്റ്‌പോളുകളാണ് ഫലം തീരുമാനിക്കുന്നതെങ്കില്‍ ബീഹാറില്‍ ഇന്ന് ബിജെപിയും പിറവം, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫുമാണ് വിജയിക്കേണ്ടിയിരുന്നത്. ഇത്തരം എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ തന്ത്രങ്ങളല്ല കേരളത്തിന്റെ ഭരണം നിര്‍ണയിക്കുന്നത്. മറിച്ച് നമ്മുടെ ഓരോരുത്തരുടെയും മനസാക്ഷിയാണെന്നു തിരിച്ചറിയുക.
അന്‍വര്‍ കണ്ണീരി
അമ്മിനിക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."