യു.എ.പി.എ ചുമത്തി പോരാട്ടം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചതിനു പോരാട്ടം പ്രവര്‍ത്തകനെ യു.എ.പി.എ. ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു. പോരാട്ടം സംസ്ഥാന കണ്‍വീനറും വയനാട് സ്വദേശിയുമായ ഷാന്റോലാലിനെയാണ് കോഴിക്കോട് സിറ്റി നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നാടകീയമായി അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പ്രസ്‌ക്ലബില്‍ യു.എ.പി.എക്കെതിരേ വാര്‍ത്താ സമ്മേളനം നടത്താനെത്തിയപ്പോള്‍ പ്രസ്‌ക്ലബിന് താഴെ വച്ച് മഫ്തിയിലെത്തിയ പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോരാട്ടത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാപകമായി ഒട്ടിച്ചിരുന്നു. സംഘടനയുടെ കണ്‍വീനര്‍ എന്ന നിലയില്‍ അന്നുതന്നെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഷാന്റോലാലിനെതിരേ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.
കോഴിക്കോട് നടക്കാവിലും മെഡിക്കല്‍കോളജ് സ്റ്റേഷനിലും രേഖപ്പെടുത്തിയ കേസുകളിലാണ് ഇന്നലെ അറസ്റ്റ് നടന്നതെന്ന് അസി.കമ്മിഷണര്‍ ഇ.പി.പൃഥിരാജ് പറഞ്ഞു. യു.എ.പി.എ സെക്ഷന്‍ 39 പ്രകാരം തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്നതാണ് കേസ്.
ഷാന്റോ ലാലിന്റെ അറസ്റ്റിനുശേഷം വിവിധ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊലിസ് നടപടിയില്‍ പ്രതിഷേധം അറിയിച്ചു.
തെരഞ്ഞെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏതെങ്കിലും സംഘടന രംഗത്ത് വന്നാല്‍ അത് നിയമവിരുദ്ധമല്ലെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞതാണ്.
എന്നിട്ടും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരമൊരറസ്റ്റുണ്ടായത് ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെന്ന് എ.വാസു, അഡ്വ.പി.എ.പൗരന്‍ തുടങ്ങിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."