നോട്ടുകള്‍ മാറാന്‍ നെട്ടോട്ടം
കാഞ്ഞങ്ങാട്: നോട്ടുകള്‍ മാറി കിട്ടാന്‍ ബാങ്കുകള്‍ക്കു മുന്നില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു. കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖക്കു മുന്നില്‍ അതിരാവിലെ തന്നെ വന്‍ ജനം നോട്ടുകള്‍ മാറുന്നതിനു വേണ്ടി തടിച്ചു കൂടി.
എസ്.ബി.ഐക്കു പുറമേ പഞ്ചാബ് നാഷണല്‍, ഫെഡറല്‍, ആന്ധ്രാ, ഐ.സി.ഐ.സി, ആക്സിസ് ബാങ്ക്, കാനറാ, വിജയാ, കേരളാ ഗ്രാമിണ് ബാങ്ക് ഉള്‍പ്പെടെ നഗരത്തിലെ മിക്ക ബാങ്ക് ശാഖകള്‍ക്ക് മുന്നിലും ജനങ്ങള്‍ തടിച്ചു കൂടിയതോടെ ഇവരെ നിയന്ത്രിക്കുന്നതിനു വേണ്ടി ബാങ്ക് അധികൃതര്‍ പൊലിസ് സഹായം തേടി.
അതേ സമയം പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖകളില്‍ ഉള്‍പ്പെടെ രാവിലെ വിതരണം നടത്തിയത് ഇരുപത്, പത്ത് തുടങ്ങിയ നോട്ടുകളുടെ കെട്ടുകളായിരുന്നു. ഇതിനു പുറമേ എച്ച്.ഡി.എഫ്.സി ബാങ്കില്‍ നോട്ടുകള്‍ പ്രതീക്ഷിച്ചു വന്നവര്‍ക്ക് അഞ്ച്, പത്ത് തുടങ്ങിയ രൂപയുടെ നാണയങ്ങളാണു പഴയ നോട്ടുകള്‍ക്കു പകരമായി നല്‍കിയത്.
പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ പ്രതീക്ഷിച്ചു കാത്തുകെട്ടിക്കിടന്നവര് ഒടുവില്‍ ഇവ വാങ്ങി തൃപ്തിയടഞ്ഞു.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസില്‍ 150 പേര്‍ക്ക് അതിരാവിലെ തന്നെ ടോക്കണ്‍ നല്കി പിന്നീട് വന്നവരെ ഒഴിവാക്കി. ടോക്കണ്‍ നല്‍കിയവര്‍ക്കു പണം കിട്ടാന്‍ ഉച്ച കഴിയും വരെ കാത്തു നില്‍ക്കേണ്ടി വന്നു.
പോസ്റ്റ് ഓഫിസില്‍ പുതിയ നോട്ട് എത്താത്തതിനെ തുടര്‍ന്ന് പഴയ നൂറു രൂപാ നോട്ടുകളും അതിനു താഴെയുള്ള നോട്ടുകളും നല്കുകയാണുണ്ടായത്.
അതേ സമയം, പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഗ്രാമീണ ബാങ്കില്‍ പണം മാറിവാങ്ങാന്‍ എത്തിയ പലര്‍ക്കും പണം ലഭിച്ചില്ല. ഇടപാടുകാരില്‍ പലരും അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ശേഷമാണു മാറികിട്ടാന്‍ ബാങ്കില്‍ പണമില്ലെന്ന കാര്യം അറിഞ്ഞത്. ഇതേ തുടര്‍ന്ന് ഇടപാടുകാരും ജീവനക്കാരും വാക്ക് തര്‍ക്കമുണ്ടായി.
സിന്‍ഡിക്കേറ്റ്, കാനറാ ബാങ്കുകളുടെ ശാഖകളില്‍ ഇടപാടുകാര്‍ക്കു പണം ലഭിച്ചെങ്കിലും പലര്‍ക്കും പുതിയ നോട്ടുകള്‍ കിട്ടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."