അഫ്ഗാനില്‍ ജര്‍മന്‍ കോണ്‍സുലേറ്റിനു നേരെ താലിബാന് ആക്രമണം: ആറ് പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. 120 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ അഫ്ഗാനിലെ മസാറെ ശരീഫ് നഗരത്തിലാണു സ്ഫോടനമുണ്ടായത്.
കോണ്‍സുലേറ്റിനുള്ളിലേക്കു സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇതു ഗേറ്റിനു സമീപത്തു നിന്നു പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അനവധി വാഹനങ്ങളും തകര്‍ന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുന്ദുസില്‍ നടന്ന നാറ്റോ വ്യോമാക്രമണത്തിനു മറുപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നു താലിബാന് അറിയിച്ചു. കോണ്‍സുലേറ്റിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നു ജര്‍മനി അറിയിച്ചു.
അഫ്ഗാനിലെ നാറ്റോ സേനയില്‍ ആയിരത്തോളം ജര്‍മന്‍ സൈനികരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."