20.13 കോടിരൂപയുടെ റോഡുനിര്‍മാണത്തിനു കേന്ദ്രാനുമതി: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 20.13 കോടി രൂപയുടെ റോഡുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
ചടയമംഗലം ബ്ലോക്കിലെ ചണ്ണപ്പേട്ട മൂര്‍ത്തിക്കാവ് കോടന്നൂര്‍ ആനക്കുളം റോഡിന് 3.76 കോടി രൂപ, നെടുമ്പാറ കുറവന്‍താവളം മാമ്പഴത്തറ റോഡിന് 9.98 കോടി രൂപ, ചടയമംഗലം ബ്ലോക്കിലെ പുല്ലുപന കഞ്ഞിക്കുഴി റോഡിന് 1.38 കോടി രൂപ, മുരുക്കുമണ്‍ കമ്പനിമല ഇടത്തറ റോഡിന് 3.58 കോടി രൂപ, ഇത്തിക്കര ബ്ലോക്കിലെ കിണറുമുക്ക് ദേവി സ്‌കൂള്‍ റോഡിന് 1.43 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച റോഡുകളുടെ പണി സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കുന്ന മുറയ്ക്ക് ടെന്റര്‍ ചെയ്യാന്‍ കഴിയും. എംപവേര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് റോഡുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയത്. ആധുനിക സാങ്കേതികവിദ്യയായ കോള്‍ഡ് മിക്‌സ് ടെക്‌നോളജിയിലൂടെ പ്ലാസ്റ്റിക് കൂടി ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2017 മാര്‍ച്ച് മാസത്തിനു മുമ്പായി പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ടെന്റര്‍ വിളിച്ച് കരാര്‍ നല്‍കി സമയപരിധിക്കുള്ളില്‍ പണി തീര്‍ക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
ഏകാന്തം: പുതിയ നാടകവുമായി പ്രകാശ് കലാകേന്ദ്രം
കൊല്ലം: അഞ്ചാലുമ്മൂട് നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിന്റെ 'ഏകാന്തം'നാടകത്തിന്റെ ആദ്യാവതരണം ഇന്നു വൈകിട്ട് ആറിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രശസ്ത അഭിനേത്രിയും നാടകപ്രവര്‍ത്തകയുമായ സജിത മഠത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നു പ്രകാശ് കലാകേന്ദ്രം പ്രസിഡന്റ് കെ.ബി.ജോയ്, സെക്രട്ടറി എം.വിഷ്ണുപ്രസാദ്, രചയിതാവ് പി.ജെ. ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ ശ്രീജിത്ത് രമണന്‍, നടന്‍ രാജേഷ് ശര്‍മ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1958ല്‍ പി.ജെ. ആന്റണിയുടെ 'ഇങ്കിലാബിന്റെ മക്കള്‍' എന്ന നാടകം അവതരിപ്പിച്ചാണ് പ്രകാശ് കലാകേന്ദ്രം പിറക്കുന്നത്. പലവര്‍ഷങ്ങളിലും ഒന്നിലധികം നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. 'ഏകാന്തം' ആന്റണ്‍ ചെക്കോവിന്റെ പ്രശസ്തമായ 'ദ ബെറ്റി'ന്റെ നാടക വ്യാഖ്യാനമാണ്.
ലോകമെങ്ങുമുള്ള നാടകകാരന്മാരെ എന്നും മോഹിപ്പിച്ചിട്ടുള്ള 'ദ ബെറ്റി'ന് മലയാളത്തിലുള്‍പ്പെടെ ഒട്ടേറെ രംഗരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാലുകഥാപാത്രങ്ങളുള്ള നാടകം പറയുന്നത് 15 വര്‍ഷത്തെ ജീവിതമാണ്. സംവിധായകനായ ശ്രീജിത്ത് രമണന്‍ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി നാടകങ്ങളില്‍ അഭിനേതാവായും സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രഫസറാണ്. 'പകയുടെ ഈശ്വരന്‍', 'അന്ത് അനന്ത്' തുടങ്ങിയ നാടകങ്ങളുടെ രചയിതാവും നിരവധി നാടകങ്ങളുടെ സംവിധായകനുമാണ് നാടകകൃത്തായ പി.ജെ. ഉണ്ണികൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."