ബി.ജെ.പിയുടെ പ്രചാരണം ഗൂഢാലോചന: കാനം
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലാണ് കള്ളപ്പണം ഏറ്റവും കൂടുതല്‍ ഉള്ളതെന്ന ബി.ജെ.പി നേതാക്കളുടെ പ്രചാരണം ഗൂഢാലോചനയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണം ഒഴുകുന്നതു സഹകരണ മേഖലയിലാണെന്നു പറഞ്ഞതിന്റെ സ്ഥിതിവിവര കണക്കുകള്‍ ബി.ജെ.പി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിച്ചതുകൊണ്ടു കള്ളപ്പണം തടയാന്‍ കഴിയില്ല. ഭൂസ്വത്തായും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപമായിട്ടുമാണ് കോര്‍പറേറ്റുകള്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിനു പുറത്തു നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കൊണ്ടു വരുമെന്നു മോദി രണ്ടു വര്‍ഷമായി പറഞ്ഞു കൊണ്ടിരിക്കയാണ്. അതിലെ പരാജയം മറച്ചുവക്കാനാണ് ഇപ്പോഴത്തെ പരിപാടി. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ബാക്കി എല്ലാ ബാങ്കുകളിലും പണം മാറിയെടുക്കാമെന്ന അവസ്ഥ നിലവിലിരിക്കെ സഹകരണമേഖലയെ മാത്രം ഒഴിച്ചുനിര്‍ത്തുന്നതിനു പിന്നില്‍ എന്താണെന്നു ചിന്തിക്കണം.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു സഹകരണ ബാങ്കുകളാണ്. പൊതുമേഖല ബാങ്കുകള്‍ മാത്രമല്ല കേരളത്തിലെ സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തുന്നത്. സഹകരണമേഖല അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതൊക്കെ അറിയാമായിരുന്നിട്ടും എന്തിനു സഹകരണമേഖലക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യകേരളം രൂപം കൊണ്ടിട്ട് അറുപതു വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ കേരളം കടന്നുവന്ന വഴികളെ കുറിച്ചും മുന്നോട്ടു പോകേണ്ടതിനെക്കുറിച്ചും ചിന്തിക്കണം. കേരളം ഇന്നത്തെ അവസ്ഥയില്‍ എത്താനുള്ള കാരണം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും ദീര്‍ഘ വീക്ഷണത്തോടെ ചിന്തിച്ചതിന്റെകൂടി ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."