ആറന്മുളയില്‍ പോസ്റ്റല്‍ വോട്ട് പൊട്ടിച്ച നിലയില്‍; ഇടതുമുന്നണി പരാതി നല്‍കും
പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റുകളില്‍ ഉദ്യോഗസ്ഥന്‍ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയതായി പരാതി. മണ്ഡലത്തിലെ നാല്‍പത്തിരണ്ടു പോസ്റ്റല്‍ ബാലറ്റുകളുടെ കവര്‍ തുറന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ക്കനുകൂലമായി പത്തനംതിട്ട വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസ് മാനേജര്‍ എ. അബ്ദുല്‍ ഹാരിസ് വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയുമായി എല്‍.ഡി.എഫ് രംഗത്തെത്തി.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ശിവദാസന്‍ നായര്‍ക്കനുകൂലമായി വോട്ട് രേഖപ്പെടുത്തിയ 42 പോസ്റ്റല്‍ ബാലറ്റുകള്‍ ഉദ്യോസ്ഥന്റെ കൈവശം കവര്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ആരോപണം. ഓഫിസില്‍വച്ച് അബ്ദുല്‍ ഹാരിസ് ബാലറ്റുകളില്‍ വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് രേഖപ്പെടുത്തിയ ശേഷം അനുബന്ധ രേഖകളില്‍ ഓഫിസ് സീല്‍ പതിപ്പിച്ചെന്നാണ് പരാതി.
ഈ സമയം ഓഫിസിലെത്തിയ ഒരു എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഇതുകണ്ടു മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നത്രേ. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. വിവരമറിഞ്ഞ് യു.ഡി.എഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ ഉദ്യോഗസ്ഥനെ ഇടതു പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസെത്തിയിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നില്ല. താന്‍ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ സാക്ഷ്യപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂവെന്നാണ് കോണ്‍ഗ്രസ് അനുകൂല സര്‍വിസ് സംഘടനയായ ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ഭാരവാഹി കൂടിയായ അബ്ദുല്‍ ഹാരിസ് നല്‍കിയ വിശദീകരണം. തിരിമറി നടത്തിയതിനാല്‍ ബാലറ്റ് പേപ്പറുകള്‍ കസ്റ്റഡിയിലെടുക്കണമെന്നും ഹാരിസിനെ അറസ്റ്റ് ചെയ്യണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ചോടെ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ബാലറ്റുകള്‍ സീല്‍ ചെയ്ത് സി.ആര്‍.പി.സി 102ാം വകുപ്പ് പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സീല്‍ ചെയ്ത ബാലറ്റുകള്‍ ആറന്മുള നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ അനു എസ്. നായരെ ഏല്‍പ്പിച്ചു.
റിട്ടേണിങ് ഓഫിസറുടെയും പൊലിസിന്റെയും റിപ്പോര്‍ട്ടും കലക്ടര്‍ക്കു നല്‍കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അബ്ദുല്‍ ഹാരിസിനെ പൊലിസ് സംരക്ഷണയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഇരു മുന്നണി പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബാലറ്റ് തിരിമറി സംബന്ധിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."