തുടരുമോ ശരിയാകുമോ
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്കു കേരള ജനത നടത്തിയ വിധിയെഴുത്ത് ഇന്നു പുറത്തുവരും. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെണ്ണല്‍ തുടങ്ങി നിമിഷങ്ങള്‍ക്കകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും. രാവിലെ ഒന്‍പതോടെ ലീഡ് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിക്കും. പതിനൊന്നോടെ മുഴുവന്‍ ഫലങ്ങളും അറിയാനാകുമെന്നാണ് പ്രതീക്ഷ.
140 നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒരേസമയം ബന്ധപ്പെട്ട ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടക്കും. സംസ്ഥാനത്ത് ആകെ എണ്‍പതു കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. വരണാധികാരിയുടെ മേശയില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞാലുടന്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യത്തെ രണ്ടു സ്ഥാനാര്‍ഥികളുടെ വോട്ട് വിവരങ്ങളും ലീഡ്‌നിലയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റായ www.ceo.kerala.gov.inല്‍ തത്സമയം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."