ജില്ലാ ബാങ്കില്‍ മുടങ്ങിയത് 100 കോടിയുടെ ഇടപാടുകള്‍
തൊടുപുഴ: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതുമുലം രൂപപ്പെട്ട പ്രതിസന്ധിയ്ക്ക് ജില്ലയില്‍ അയവില്ല. നോട്ടിനായുള്ള ജനങ്ങളുടെ നെട്ടോട്ടം ഞായറാഴ്ചയും തുടര്‍ന്നു. നോട്ടുകള്‍ മാറ്റി വാങ്ങാനും പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുമായി ഇടപാടുകാര്‍ ഇന്നലെയും ബാങ്കുകളിലേക്ക് ഒഴുകിയതോടെ മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എ.ടി.എമ്മുകളിലും തിരക്കേറെയായിരുന്നു. മിക്ക എ.ടി.എമ്മുകളും മണിക്കൂറുകള്‍ക്കകം കാലിയായി.
നൂറിന്റെ നോട്ടുകള്‍ മിക്കയിടത്തും ലഭ്യമായില്ല. രാവിലെ 10ന് ബാങ്കുകളുടെ ഷട്ടര്‍ തുറക്കുന്നതിനു മുന്‍പേ തന്നെ ഒട്ടേറെപ്പേര്‍ വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അക്കൗണ്ട് ഉള്ളവര്‍ക്ക് പരമാവധി 10,000 രൂപയും അല്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരം മുതല്‍ നാലായിരം രൂപ വരെയുമാണ് നല്‍കിയത്. പലരും മണിക്കൂറുകള്‍ ക്യൂ നിന്നാണ് അത്യാവശ്യത്തിനുള്ള പണം സംഘടിപ്പിച്ചത്. ഒരാള്‍ക്ക് പരമാവധി അക്കൗണ്ടില്‍ പതിനായിരം മാത്രം ലഭിക്കുന്നതിനാല്‍ പലരും മറ്റു പരിചയക്കാരെയും കുടുംബക്കാരെയും കൂടെ കൊണ്ടുവന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയാണ് കൂടുതല്‍ തുക വാങ്ങിയത്. പോസ്റ്റ് ഓഫിസിന്റെ മുന്നിലും ആളുകളുടെ നീണ്ട നിര ദൃശ്യമായിരുന്നു.
വന്‍കിട ചെറുകിട തേയിലത്തോട്ടങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കുള്ള ശമ്പള വിതരണവും മുടങ്ങി. മിക്ക എസ്റ്റേറ്റുകളിലും ഒക്ടോബര്‍ മാസത്തെ ശമ്പള വിതരണത്തിനു തീരുമാനിച്ചിരുന്നത് ഈയാഴ്ച അവസാനമായിരുന്നു. ഒരോ എസ്റ്റേറ്റിലും മാസ ശമ്പള വിതരണത്തിനായി കാല്‍ക്കോടിയോളം രൂപയാണ് വേണ്ടി വരുന്നത്. ഇത്തരത്തില്‍ ജില്ലയിലെ എസ്റ്റേറ്റുകളില്‍ ഈ ദിവസങ്ങളില്‍ എത്തേണ്ടിയിരുന്നത് 10 കോടിയോളം രൂപയായിരുന്നു. ബാങ്കുകളില്‍ നിന്ന് ഇതിന്റെ ചെറിയ ശതമാനം പോലും പണം പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്.
ഇതിനിടെ ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ ആറുദിവസത്തിനിടെ മുടങ്ങിയത് 100 കോടിയുടെ ഇടപാടുകളാണ്. സഹകരണ ബാങ്കുകളുടെയും പ്രാഥമിക സംഘങ്ങളുടെയും പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി. ഇതോടെ ഹൈറേഞ്ചിലെ കാര്‍ഷിക മേഖല അകപ്പെട്ടിരിക്കുന്നത് ഗുരുതര സാമ്പത്തിക മാന്ദ്യത്തിലാണ്. പണമിടപാടുകള്‍, ഡിപ്പോസിറ്റ്, വായ്പ എന്നിങ്ങനെ ജില്ലാ ബാങ്ക് ഹെഡ് ഓഫീസിലും 54 ശാഖകളിലുമായി കോടികളുടെ ഇടപാടുകളാണ് മുടങ്ങിയത്. ആവശ്യത്തിന് പണമില്ലാതെ ബാങ്ക് ജീവനക്കാരും പ്രയാസത്തിലായി. 10000 രൂപയില്‍ കൂടുതല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് അക്കൗണ്ടില്‍ നിന്ന് മാറാനാകില്ല. റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശപ്രകാരം ജില്ലാ സഹകരണ ബാങ്കിന് പ്രാഥമിക സഹകരണ ബാങ്കുകളെ സഹായിക്കാനാകുന്നില്ല. ജില്ലാ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുക സഹകരണ സ്ഥാപനങ്ങള്‍ക്ക് എടുക്കുന്നതിനോ ജില്ലാ ബാങ്കിന് വായ്പ നല്‍കുന്നതിനോ കഴിയാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളെ റിസര്‍വ് ബാങ്ക് അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കിയത്. ഒരു വ്യക്തിയുടെ അക്കൌണ്ടുപോലെ മാത്രമേ സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളെയും റിസര്‍വ് ബാങ്ക് പരിഗണിക്കുന്നുള്ളൂ. ജില്ലാ ബാങ്ക് 700 കോടിയിലേറെ രൂപയാണ് നിലവില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ലോണായി നല്‍കിയിട്ടുള്ളത്. ഇപ്പോഴുണ്ടായ പ്രതിസന്ധി മാസങ്ങളോളം നീളാനാണ് സാധ്യത. ഒപ്പം നിയന്ത്രണങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."