കടയടപ്പ് സമരത്തെചൊല്ലി വിവാദം
കോഴിക്കോട്: ഇന്നുമുതല്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുമെന്ന് പ്രഖ്യാപിച്ച കടയടപ്പു സമരം ഉപേക്ഷിച്ചതു സംബന്ധിച്ചു വിവാദം. സമരത്തില്‍ നിന്നും പിന്‍മാറിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഉറപ്പിനെ തുടര്‍ന്നാണെന്ന് ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്റെ പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടത്.
ആദായനികുതി ഉദ്യോഗസ്ഥരില്‍ നിന്നും വ്യാപാരികള്‍ക്കു പീഡനമുണ്ടാകില്ലെന്നും കട പരിശോധിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോ എടുത്തു നല്‍കിയാല്‍ മതിയെന്നും കുമ്മനം പറഞ്ഞതായി നസിറുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ഇതിനെതിരേ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തു വന്നു. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരെ കണ്ട കുമ്മനം രാജശേഖരന്‍ അങ്ങനെയൊരു കാര്യത്തെ സംബന്ധിച്ച് താനൊരുറപ്പും നല്‍കിയിട്ടില്ലെന്നു പ്രതികരിച്ചു.
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ തുടരുന്ന ചില്ലറ ക്ഷാമവും കട പരിശോധനയുടെയും പശ്ചാത്തലത്തിലാണ് ഇന്നു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിന് ഏകോപന സമിതി തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇതില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറുകയായിരുന്നു.
കേന്ദ്രഗവണ്‍മെന്റ് ഉദാരമായ വ്യവസ്ഥയില്‍ നോട്ടുകള്‍ എടുത്തുകൊള്ളാമെന്നും ഡിസംബര്‍ 30 വരെ കൈവശം വയ്ക്കാമെന്നും ഉദ്യോഗസ്ഥന്‍മാരെ വച്ച് പീഡിപ്പിക്കുകയില്ലെന്നുമുളള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ഉപേക്ഷിച്ചതെന്ന് നസിറുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞു.
നികുതികള്‍ അടക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടിത്തരുകയും ചെയ്തിരുന്നു. എല്ലാവരുടെ അഭ്യര്‍ഥന മാനിച്ചും ശബരിമല സീസണ്‍ കണക്കിലെടുത്തുമാണ് കടമുടക്കം ഉപേക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു.
നസിറുദ്ദീന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇതിനെതിരേ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നു. കേരളത്തിലെ വ്യാപാരികള്‍ക്ക് ബി.ജെ.പി നേതാവിന് എന്തു ഉറപ്പ് നല്‍കാനുള്ള അധികാരമാണുള്ളതെന്നു അദ്ദേഹം ചോദിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ കോഴിക്കോടു ഉണ്ടായിരുന്ന കുമ്മനം വിശദീകരണവുമായി രംഗത്തു വന്നത്. വ്യാപാരി നേതാക്കളുമായി കഴിഞ്ഞദിവസം സംസാരിച്ചുവെന്ന വ്യക്തമാക്കിയ അദ്ദേഹം ഒരു വാഗ്ദാനവും നല്‍കിയില്ലെന്നും പറഞ്ഞു.
കടയടപ്പ് ജനവിരുദ്ധമാണ്. ഈ അവസരത്തില്‍ കട അടക്കരുത്. കട അടച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വ്യാപാരികള്‍ കട തുറക്കണം. ഈ അവസരത്തില്‍ അതാണ് കച്ചവടക്കാര്‍ ചെയ്യേണ്ടതെന്നും കടമുടക്കുന്നത് പിന്‍വലിച്ചെങ്കില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം സമരത്തില്‍ നിന്നും പിന്‍മാറികൊണ്ടു നസിറുദ്ദീന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ ഉദ്യോഗസ്ഥര്‍ കട പരിശോധനയ്ക്കു എത്തിയാല്‍ അവരുടെ ഫോട്ടോ സഹിതം സംസ്ഥാന ഭാരവാഹികളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."