കേന്ദ്രനീക്കത്തിനെതിരേ സമരത്തിനൊരുങ്ങി സഹകരണപ്രസ്ഥാനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ സമരത്തിനൊരുങ്ങി സഹകരണ പ്രസ്ഥാനം. ഇതിന്റെ ഭാഗമായി നാളെ സഹകരണ ബാങ്കുകളും സൊസൈറ്റികളും ക്രെഡിറ്റ് സംഘങ്ങളുമെല്ലാം അടച്ചിട്ട് പ്രതിഷേധിക്കും.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേരുന്ന സഹകാരികളുടെ യോഗത്തില്‍ തീരുമാനമെടുക്കും. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണബാങ്ക്, 14 ജില്ലാ ബാങ്കുകള്‍, 61 അര്‍ബന്‍ ബാങ്കുകള്‍ എന്നിവയൊഴികെ 1600 സര്‍വിസ് സഹകരണസംഘങ്ങളും ജില്ലാബാങ്കില്‍ ഇടപാട് നടത്തുന്ന പതിനായിരത്തോളം ചെറുകിട സംഘങ്ങളുമടക്കം ഹര്‍ത്താലില്‍ പങ്കെടുക്കും. പ്രതിഷേധ സമരങ്ങള്‍ റിസര്‍വ് ബാങ്കിന് മുന്നിലേക്ക് വ്യാപിപ്പിക്കാനും തത്വത്തില്‍ തീരുമാനമായി. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും പഴയ കറന്‍സികള്‍ നിരോധിച്ചതോടെ ഏറ്റവും പ്രതിസന്ധി സഹകരണബാങ്കുകളിലും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലുമാണ്.
സഹകരണബാങ്കുകളില്‍ ശേഷിക്കുന്നത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നൂറുകോടി കറന്‍സിയാണ്. തിരുവനന്തപുരത്തുമാത്രം ആറേകാല്‍ കോടി കറന്‍സി കെട്ടിക്കിടക്കുന്നു. സംസ്ഥാന, ജില്ലാ, അര്‍ബന്‍ ബാങ്കുകളിലൂടെ നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അവസരമൊരുക്കിയിരുന്നു. എന്നാല്‍ അതും പിന്‍വലിച്ചു.
അതേസമയം, കള്ളപ്പണ നിക്ഷേപം സഹകരണ ബാങ്കുകളില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ആദായ നികുതി വകുപ്പ് കൂടുതല്‍ ശക്തമായ നടപടികളിലേയ്ക്ക് പോകുകുകയാണ്. എന്നാല്‍ സംഘങ്ങളിലെ നിക്ഷേപവായ്പാ കണക്കുകള്‍ വ്യക്തമാക്കാതെയും കണക്ക് കാണിക്കാതെയും നിലവിലെ നിക്ഷേപങ്ങള്‍ സംരക്ഷിച്ചും നോട്ടുകള്‍ മാറിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഡിസംബര്‍ 31നകം കണക്ക് വ്യക്തമാക്കി നോട്ടുകള്‍ മാറിയെടുത്തില്ലെങ്കില്‍ കടലാസിന്റെ വിലയേയുള്ളൂ. നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാനാവാതെ വന്നാല്‍ സംഘങ്ങള്‍ കടുത്തപ്രതിസന്ധിയിലാവും. കണക്ക് നല്‍കിയാല്‍ വന്‍കിട നിക്ഷേപകര്‍ നികുതിയടയ്‌ക്കേണ്ടിയും വരും. എന്തു ചെയ്യണമെന്നറിയാതെ കേന്ദ്രധനകാര്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
എന്നാല്‍ അവിടെ നിന്നു അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. സഹകരണ ബാങ്കുകളില്‍ ആഴചയില്‍ പരമാവധി ഇരുപതിനായിരം രൂപയേ മാറിനല്‍കൂവെന്നാണ് ഇപ്പോള്‍ റിസര്‍വ്ബാങ്ക് നിലപാട്.
തിരുവനന്തപുരം ജില്ലാബാങ്കില്‍ നിന്ന് എട്ടരക്കോടി റിസര്‍വ് ബാങ്കിലയച്ചപ്പോള്‍ തിരികെക്കിട്ടിയത് ഒന്നരക്കോടിമാത്രമാണ്. ഒരുലക്ഷംകോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന നിര്‍ദേശങ്ങളാണ് ആദായനികുതിവകുപ്പ് നല്‍കുന്നത്. സംശയമുള്ള അക്കൗണ്ടുകളുടെ രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണബാങ്കുകള്‍ക്ക് ഉടന്‍ നോട്ടീസയയ്ക്കുമെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി.
ബാങ്കുകളില്‍ 35,000 കോടിയോളം രൂപയുടെ കള്ളപ്പണനിക്ഷേപമുണ്ടെന്നും ഇതില്‍ 500 കോടിയുടെയെങ്കിലും ഉറവിടം അജ്ഞാതമാണെന്നുമാണ് ആദായനികുതിവകുപ്പ് കേന്ദ്രസര്‍ക്കാരിനെ പ്രത്യേക റിപ്പോര്‍ട്ടിലൂടെ അറിയിച്ചിട്ടുള്ളത്.
1700സംഘങ്ങള്‍ വന്‍കിടനിക്ഷേപങ്ങളുള്ളവരുടെ വിവരങ്ങള്‍ കൈമാറി. ഇത് പരിശോധിച്ചപ്പോഴാണ് പലനിക്ഷേപങ്ങളുടേയും ഉറവിടം ദുരൂഹമാണെന്ന് കണ്ടെത്തിയത്. 50ലക്ഷത്തിലേറെ നിക്ഷേപകരുടെ വിവരങ്ങള്‍ ആദായനികുതിവകുപ്പ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതിയില്‍ നിന്നൊഴിവാകുമെന്നതിനാല്‍ കള്ളപ്പണം നിക്ഷേപിക്കാനുള്ള സുരക്ഷിതമായ താവളമായി സഹകരണബാങ്കുകള്‍ മാറിയെന്നാണ് ആദായനികുതിവകുപ്പിന്റെ റിപ്പോര്‍ട്ട്.
പ്രാഥമികസംഘങ്ങളേയും ക്രെഡിറ്റ് സൊസൈറ്റികളേയും ജില്ലാബാങ്കുകളുടെ അക്കൗണ്ടുടമകളായി മാത്രമേ ആദായനികുതിവകുപ്പ് പരിഗണിക്കുന്നുള്ളൂ.കള്ളപ്പണത്തിനെതിരായ നടപടികളുടെ പേരില്‍ സഹകരണ ബാങ്കുകളിലെ രണ്ടരലക്ഷത്തിനു മുകളിലുള്ള എല്ലാനിക്ഷേപങ്ങളും സൂക്ഷ്മപരിശോധന നടത്താനാണ് ആദായനികുതിവകുപ്പ് ഒരുങ്ങുന്നത്. കംപ്യൂട്ടറൈസ്ഡ്, കോര്‍ബാങ്കിങ് സൗകര്യമില്ലാത്ത ബാങ്കുകളിലേയും സംഘങ്ങളിലേയും രജിസ്റ്ററുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാനാണ് ചീഫ് കമ്മിഷനറുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."