ബാങ്കുകളില്‍ വന്‍ തിരക്ക്; ജനങ്ങള്‍ക്ക് നേരിയ ആശ്വാസം
മാള: 1000 ന്റേയും 500 ന്റേയും നോട്ടുകള്‍ നിരോധിച്ച് ആറാം ദിനത്തിലും ബാങ്കുകളില്‍ വന്‍തിരക്ക്. ഇതിനിടയില്‍ തിങ്കളാഴ്ച വിവിധ ബാങ്കുകളില്‍ നിന്നും ചില്ലറ നോട്ടുകള്‍ ലഭ്യമായത് ജനങ്ങളില്‍ ആശ്വാസം പകര്‍ന്നു.
മാറ്റിയെടുക്കാവുന്ന 4500 രൂപയില്‍ മിക്കവാറും ബാങ്കുകള്‍ നല്‍കിയത് ഒരു രണ്ടായിരത്തിന്റേയും ബാക്കി നൂറിന്റേയും അന്‍പതിന്റേയും ഇരുപതിന്റേയും പത്തിന്റേയും നോട്ടുകളായിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്ന് ലഭ്യമായ നോട്ടുകള്‍ ഇത്തരത്തിലായത് വളരെയേറെ ആശ്വാസമാണ് ജനങ്ങളില്‍ സൃഷ്ടിച്ചത്. വീടുകളിലും മറ്റും ആവശ്യ സാധനങ്ങള്‍ തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ 2500 രൂപയെങ്കിലും ലഭ്യമായത് താല്‍കാലിക പരിഹാരമായെന്നാണ് ഓരോരുത്തരും പറയുന്നത്.
കുഴൂര്‍ എസ്.ബി.ടിയിലടക്കം പല ബാങ്കുകളിലും ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത് ഏറെ ആശ്വാസമായി. ഇതിനാല്‍ പൊരിവെയിലത്ത് ഏറെ മണിക്കൂറുകള്‍ നില്‍ക്കേണ്ട അവസ്ഥയില്‍ നിന്നും മോചനമായി. ചില സ്ഥാപനങ്ങളില്‍ പഴയ 1000 ന്റേയും 500 ന്റേരും നോട്ടുകള്‍ സ്വീകരിക്കില്ലെന്നും കാര്‍ഡ് സ്വീകരിക്കുമെന്ന അറിയിപ്പ് ഇപ്പോഴും പതിച്ചിട്ടുണ്ട്. കേരള ഗ്രാമീണ്‍ ബാങ്കില്‍ സെറ്റ് സാരിയുടുത്ത് വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബാങ്കിലും പുറത്തും കൗതുകം പടര്‍ത്തി. കുടുംബശ്രീ വാര്‍ഷികാഘോഷത്തിനെത്തിയ സ്ത്രീകളാണ് കൂട്ടമായി ബാങ്കിലെത്തിയത്. ഇതിനിടെ എ.ടി.എമ്മുകള്‍ ഭൂരിഭാഗവും ഇന്നലേയും അടഞ്ഞു കിടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."