വിജയത്തില്‍ കൊടിയേറ്റി പിണറായി
എം.പി മുജീബ് റഹ്മാന്‍
വി.എസ് ഇടഞ്ഞാലും ഇണങ്ങിയാലും കുലുക്കമില്ലാതെ നില്‍ക്കാന്‍ രാഷ്ട്രീയത്തിന്റെ കളരിയില്‍ പിണറായി വിജയന് നന്നായി അറിയാം. ഇത്തവണ പാര്‍ട്ടിക്കു കരുത്തുമായി വി.എസ് അച്യുതാന്ദന്‍ നില്‍ക്കുമ്പോള്‍ സെക്രട്ടറി പദം വിജയന്റെ പേരിനൊപ്പമില്ല. പക്ഷേ പാര്‍ട്ടിയുടെ കടിഞ്ഞാണേന്തി മുഖ്യതേരാളിയാവാന്‍ ഇറങ്ങിയ പിണറായിക്ക് അടിപതറിയില്ല. രണ്ടുമാസക്കാലത്തും ധര്‍മടത്തും സംസ്ഥാനത്താകെയും പ്രചാരണത്തിനു നേതൃത്വം നല്‍കിയ പിണറായിയുടെ വിജയമാണു സ്വന്തം മണ്ഡലത്തിലെയും സംസ്ഥാനത്തെയും ഉറച്ച തെരഞ്ഞെടുപ്പ് ഫലം. മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലേക്കു പ്രവേശിക്കുന്ന എല്‍.ഡി.എഫിന്റെ നായകന്‍ പിണറായി 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ധര്‍മടത്തു നിന്നു നിയമസഭയില്‍ എത്തുന്നത്. യു.ഡി.എഫിലെ മമ്പറം ദിവാകരനെയാണു പിണറായി തോല്‍പിച്ചത്. പിണറായിക്കു 87329 വോട്ടും 50424 ദിവാകരനു വോട്ടും ലഭിച്ചു.
പാര്‍ട്ടിക്കകത്തും പുറത്തും വി.എസിന്റെ ജനസമ്മിതി ഉയര്‍ത്തിയപ്പോള്‍ പിണറായി വിജയനെ അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. എല്‍.ഡി.എഫിനെ അധികാരത്തിലേക്കു മടക്കിക്കൊണ്ടുവരിക എന്ന ഏകലക്ഷ്യത്തിനായി തെരഞ്ഞെടുപ്പ് ഗോദയില്‍ പിണറായി എല്ലാ അടവുകളും ഇത്തവണ പുറത്തെടുത്തു. ഇടുപക്ഷ രാഷ്ട്രീയത്തിലെ കരുത്തന്‍, നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ് ഇങ്ങനെയൊക്കൊയാണു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണം. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന പാറപ്രം ഉള്‍ക്കൊള്ളുന്ന പിണറായിയില്‍ നിന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തോടെയാണു വിജയന്റെ രാഷ്ട്രീയരംഗത്തേക്കുള്ള അരങ്ങേറ്റം. നീണ്ട പതിനേഴു വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച കരുത്തുമായാണ് എഴുപത്തിരണ്ടുകാരനായ പിണറായി ഇക്കുറി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. സംഘടനാരംഗം വിട്ട് പാര്‍ലിമെന്ററി രംഗത്തേക്കു ചുവടുവയ്ക്കുന്ന പിണറായി വിജയന്‍ ഇക്കുറി നിയമസഭയിലേക്കു മത്സരിക്കാന്‍ എത്തിയതു മുന്നണിയെ നയിക്കാനുള്ള തയാറെടുപ്പോടെയായിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയെ ബാധിച്ച വിഭാഗീയത ഇല്ലതാക്കാന്‍ കഴിഞ്ഞുവെന്ന നേട്ടവും വിജയനില്‍ പാര്‍ട്ടി കാണുന്നു.
വി.എസ് അച്യുതാനന്ദനൊപ്പം പിണറായി വിജയനും മത്സരിക്കണമെന്നു സി.പി.എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതോടെ ജന്മനാട് ഉള്‍പ്പെടുന്ന ധര്‍മടത്ത് ജനവിധി തേടാന്‍ പിണറായിയും സമ്മതംമൂളി. ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി 1944 മാര്‍ച്ച് 21നായിരുന്നു ജനനം. പിണറായി ശാരദാവിലാസം എല്‍.പി സ്‌കൂള്‍, പെരളശ്ശേരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ഗവ. ബ്രണ്ണന്‍കോളജില്‍ നിന്നു ബി.എ സാമ്പത്തികശാസ്ത്ര പൂര്‍ത്തിയാക്കി. ബ്രണ്ണനിലെ പഠനകാലത്ത് എസ്.എഫ്.ഐയുടെ ആദ്യരൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പിന്നീടു സംസ്ഥാന സെക്രട്ടറിയുമായി. പില്‍ക്കാലത്ത് ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാനതല നേതാവായി.
1967ല്‍ സി.പി.എം തലശ്ശേരി മണ്ഡലം സെക്രട്ടറിയും 1972ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി. 1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1998 സെപ്റ്റംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2002ല്‍ പൊളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. വി.എസ് അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിനു 2007 മേയ് 26നു പൊളിറ്റ് ബ്യൂറോയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിജയനെ 2007 ഒക്ടോബര്‍ ഒന്നിനു തിരിച്ചെടുത്തു.1970ല്‍ ഇരുപത്തിയാറാം വയസിലാണു പിണറായി കൂത്തുപറമ്പില്‍ നിന്നു ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 1977ലും 1991ലും കൂത്തുപറമ്പില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1996ല്‍ പയ്യന്നൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തിനു നിയമസഭാ സാമാജികനായി. 1970ല്‍ പി.എസ്.പിയിലെ തായത്ത് രഘവനെ 743 വോട്ടിനു തോല്‍പിച്ച പിണറായി 1977ല്‍ ആര്‍.എസ്.പിയിലെ കെ അബ്ദുല്‍ഖാദറിനെ 4401 വോട്ടിനു മറികടന്നു. 1991ല്‍ കോണ്‍ഗ്രസിലെ പി രാമകൃഷ്ണനെ 13060 വോട്ടിന് അടിയറവ് പറയിച്ച വിജയന്‍ 1996ല്‍ പയ്യന്നൂരിലേക്കു ചുവടുമാറി കോണ്‍ഗ്രസിലെ കെ.എന്‍ കണ്ണോത്തിനെ 28078 വോട്ടിനാണു തറപറ്റിച്ചത്.
1996 മുതല്‍ 1998 വരെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴാണു കാനഡയിലെ ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നത്. രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ലാവ്‌ലിന്‍ അന്വേഷണം സി.ബി.ഐ വരെ ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ പിണറായി ഉള്‍പ്പെടെ ഏഴുപേര്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി വിചാരണ തടഞ്ഞത് അദ്ദേഹത്തിനു പാര്‍ലിമെന്ററി രംഗത്ത് വീണ്ടും തിരിച്ചെത്താനുള്ള വഴിയായി.
ഇടതുപക്ഷ വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്‍ അടിയന്തരാവസ്ഥക്കാലത്തു പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നായനാര്‍ക്കുശേഷം പിണറായിയിലൂടെ ജില്ലയില്‍ നിന്നു മുഖ്യമന്ത്രിയെ ലഭിക്കുമോയെന്നു കാതോര്‍ക്കുകയാണു സ്വന്തം തട്ടകത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണു ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍. കുമാരന്‍, നാണു എന്നിവരാണു സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."