കാട്ടാനയുടെ ആക്രമണം കര്‍ഷകന് ഗുരുതര പരുക്ക്
സുല്‍ത്താന്‍ ബത്തേരി: പട്ടാപകല്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്. സുല്‍ത്താന്‍ ബത്തേരി- കല്ലൂര്‍ 67 തേക്കുപറ്റ അയ്യപ്പന്‍ (52)നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ എട്ടരക്കാണ് സംഭവം.
കല്ലൂര്‍ രാജീവ് ഗാന്ധി സ്‌കൂളിന് സമീപം കൃഷിയിടത്തില്‍ പശുവിനെ വയലില്‍ കെട്ടിമടങ്ങി വരുമ്പോള്‍ ആനയുടെ മുന്‍പില്‍ പെടുകയായിരുന്നു. ആന അയ്യപ്പന് നേരെ ഓടിയടുക്കുകയും ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിനിടെ നിലത്ത് വീണ അയ്യപ്പനെ കുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
ഇതോടെ ആന പുറംകാലുകൊണ്ടു തൊഴിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആന ആക്രമിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ആളുകള്‍ ഒച്ചവക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് ആന പിന്തിരിഞ്ഞത്.
ആക്രമണത്തില്‍ പുറത്ത് സാരമായി പരുക്കേറ്റ അയ്യപ്പനെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കല്ലൂര്‍ 67ല്‍ ദേശീയപാത ഉപരോധിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷന് നഷ്ടപരിഹാരം നല്‍കുക, പ്രശ്‌നക്കാരനായ ആനയെ മയക്കുവെടിവച്ച് പിടികൂടി ഉള്‍വനത്തിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
സ്ഥലത്തെത്തിയ വനപാലര്‍കര്‍ക്കു നേരെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
കലക്ടര്‍ സ്ഥലത്തെത്താതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്ന സമരക്കാര്‍.
തുടര്‍ന്ന് എല്‍.ആര്‍ സ്‌പെഷ്യല്‍ ഡപ്യൂട്ടി കലക്ടര്‍ ചാമികുട്ടി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ്‌കുമാര്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, താലൂക്ക് ഹെഡ്ക്വട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ രാവിലെ ഒന്‍പതിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് പന്ത്രണ്ടരയോടെ അവസാനിപ്പിക്കുകയായിരുന്നു.
ഉപരോധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ നൂറ് കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. ദേശീയപാത ഉപരോധവുമയി ബന്ധപെട്ട് കണ്ടാലറിയുന്ന ഒരുകൂട്ടം ആളുകളുടെ പേരില്‍ ബത്തേരി പൊലിസ് കേസെടുത്തിട്ടുണ്ട്്.
അതേസമയം കര്‍ഷനെ ആക്രമിച്ച കാട്ടാന സമീപ പ്രദേശങ്ങളിലും ഭീതി വിതച്ചാണ് കാടുകയറിയത്.
കര്‍ഷകനെ ആക്രമിച്ചതിനു ശേഷം സമീപത്തെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് കേടുപാടുവരുത്തിയ കാട്ടാന വിടിനു സമീപത്തെ ഷെഡും തകര്‍ത്തു.
പകല്‍ സമയം അപ്രതീക്ഷിതമായി ആനയെ കണ്ടതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ നിലവിളിച്ചോടി.
ആന കല്ലൂര്‍ സ്‌കൂളിന് മുന്നിലൂടെയുള്ള നടന്നുവരുന്നതിന് നിമിഷങ്ങള്‍ മാത്രം മുമ്പാണ് സ്‌കൂളിലെ കുട്ടികള്‍ ഈ റോഡിലൂടെ ഹോസ്റ്റലില്‍ നിന്നും വന്ന് സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കയറിയത്.
സമീപത്തെ കാട്ടില്‍ നിന്നും എത്തിയ ആനക്ക് നേരം പുലര്‍ന്നതോടെ തിരിച്ച് കാടുകയറാന്‍ കഴിയാതിരുന്നതാണ് ജനവാസകേന്ദ്രങ്ങളിലൂടെ സഞ്ചിരിച്ച് ഭീഷണിസൃഷ്ടിക്കാന്‍ കാരണമായത്.
ആനയെ മയക്കുവെടി വച്ച് പിടിക്കും
സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടി വച്ച് പിടിക്കാന്‍ വകുപ്പ് മന്ത്രി ഉത്തരവിട്ടു. ആന സ്ഥിരമായി ജനവാസ കേന്ദ്രത്തിലറങ്ങി നാശം വിതയ്ക്കുന്നത് കണക്കിലെടുത്താണ് ഉത്തരവ്. മുത്തങ്ങ താല്‍ക്കാലിക ആനപ്പന്തിയുടെ പണി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനായി ഇന്ന് മുതുമലയില്‍ നിന്നും വിദഗ്ധര്‍ എത്തും. പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോടെ ആനയെ മയക്കു വെടി വക്കാന്‍ നടപടി സ്വീകരിക്കും. തിങ്കളാഴ്ച വരെ പ്രദേശത്ത് ആന ഇറങ്ങാതിരിക്കുതിനായി വനം വകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പാണ് ആനയുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളര്‍ പിടിപ്പിച്ചിരുന്നു. ഇത് നഷ്ടപെട്ടതിനെ തുടര്‍ന്ന്് രണ്ടാഴ്ച മുമ്പ് വീണ്ടും റേഡിയോ കോളര്‍ ഘടിപ്പിച്ചത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആളുടെ ചികിത്സാ ചിലവും മറ്റും വനം വകുപ്പ് വഹിക്കും. വീടുകള്‍ക്കും വാഹനത്തിനും വരുത്തിയ കേടുകളും പരിശോധിച്ച് മതിയായ നഷ്ടപരിഹാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."