ഒരാഴ്ച കഴിഞ്ഞിട്ടും എ.ടി.എമ്മുകള്‍ അടഞ്ഞു തന്നെ
മാള: നിലവിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പിന്നിട്ടിട്ടും എ.ടി.എമ്മുകള്‍ അടഞ്ഞുതന്നെ. ബഹുഭൂരിപക്ഷം എ.ടി.എമ്മുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ബാങ്കുകള്‍ നേരിട്ട് പണം നിറക്കുന്ന ചുരുക്കം ചില എ.ടി.എമ്മുകള്‍ മാത്രമാണ് മാള മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എസ്.ബി.ടി കുഴൂര്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എം അടക്കം അരഡസനില്‍ താഴെ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതും ഇടക്കെങ്കിലും ജനങ്ങള്‍ക്ക് പണം ലഭിക്കുന്നതും. നിറക്കുന്ന പണം പെട്ടെന്ന് തീരുന്നതിനാല്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് എ.ടി.എമ്മുകളില്‍ പണം നിറക്കുന്നത്. മൂന്നുലക്ഷം രൂപ മാത്രമാണ് ഓരോ ബാങ്കുകളിലും എത്തുന്നതെന്നതിനാല്‍ ബാങ്കില്‍ പകരം നല്‍കാനും എ.ടി.എമ്മുകളില്‍ നിറക്കാനും പരിമിതമായേ ചെയ്യാനാകുന്നുള്ളുവെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി നല്‍കുന്ന പ്രക്രിയ ഉച്ച വരേയേ നടക്കുന്നുള്ളു പല ബാങ്കുകളിലും. പണം തീര്‍ന്ന് കഴിഞ്ഞാലും ഇത്തരം എ.ടി.എമ്മുകള്‍ അടച്ചിടാത്തതിനാല്‍ ഇവയില്‍ കയറുന്നവര്‍ കബളിപ്പിക്കപ്പെടുകയാണ്. പ്രത്യേക മെസേജുകളൊന്നും തന്നെ സ്‌ക്രീനില്‍ ഇല്ലാത്തതിനാല്‍ തിരക്കില്ലെന്ന ആശ്വാസത്താല്‍ എ.ടി.എം കൗണ്ടറില്‍ കയറി പണം എടുക്കാനുള്ള പ്രക്രിയകള്‍ ചെയ്ത് ഒടുവിലാണ് പണമില്ലെന്നും ബാങ്കിന്റെ അടുത്ത എ.ടി.എം ഉപയോഗപ്പെടുത്തൂ എന്ന മെസേജ് സ്‌ക്രീനില്‍ തെളിയുന്നത്. നൂറ് കണക്കിന് പേരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. പുറംകരാര്‍ നല്‍കിയിട്ടുള്ള എ.ടി.എമ്മുകളെല്ലാംതന്നെ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. നിത്യേന അടഞ്ഞു കിടക്കുകയാണ് എന്ന പരാതി ഒഴിവാക്കാനായി ചില എ.ടി.എം കൗണ്ടറുകള്‍ ഇടക്ക് തുറന്നിടുന്നുണ്ട്. ഇവയിലെ മെഷീനുകളില്‍ ഔട് ഓഫ് സര്‍വിസ് എന്ന മെസേജാണ് തെളിയുന്നത്. 1000 ത്തിന്റേയും 500 ന്റേയും നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ക്യൂവിന്റെ നീളത്തിന് വലിയ കുറവൊന്നും ഒരാഴ്ച പിന്നിട്ട ഇന്നലെയും ഉണ്ടായില്ല. പൊരിവെയിലത്ത് മണിക്കൂറുകളോളമാണ് ജനം കാത്ത് നില്‍ക്കുന്നത്. ഇനിയെന്നാണിതിനൊരു പരിഹാരമെന്നാണ് ഓരോരുത്തരും ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."