പി.എം.എ.വൈ ഭവനപദ്ധതി; വീടുകളുടെ എണ്ണം വെട്ടിക്കുറച്ചു
മുഹമ്മദലി പേലേപ്പുറം
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പി.എം.എ.വൈ ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്കനുവദിച്ച വീടുകളുടെ എണ്ണം വെട്ടിക്കുറച്ചു.
കഴിഞ്ഞ വര്‍ഷം 6,663 വീടുകളാണ് അനുവദിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം 2,761 എണ്ണമാക്കിയാണ് കുറച്ചത്. 2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട വാസയോഗ്യമായ വീടില്ലാത്ത ഗുണഭോക്താക്കള്‍ക്കാണ് വീടുകള്‍ അനുവദിക്കുന്നത്.
സെന്‍സസ് പ്രകാരം ജില്ലയില്‍ 13,256 പേരാണ് ഭവനരഹിതരായിട്ടുള്ളത്. ഇതില്‍ 8,054 പേരെ സൂക്ഷ്മപരിശോധനയില്‍ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരില്‍ 2,761 പേരേ മാത്രമാണ് 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ബന്ധപ്പെട്ട വി.ഇ.ഒമാര്‍ ലിസ്റ്റ് പരിശോധന പൂര്‍ത്തിയാക്കി. അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമസഭകള്‍കൂടി അംഗീകരിച്ചിട്ടുണ്ട്.
2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ പ്രകാരം വീടുകള്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ പരിഷ്‌കാരമാണ് വീടുകളുടെ എണ്ണം കുറയാനിടയാക്കിയത്.
സെന്‍സസ് പ്രകാരം 13,256 പേര്‍ ഭവനരഹിതരാണെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സെന്‍സസായതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നിലവില്‍ സ്വന്തമായി വീടുണ്ട്. സെന്‍സസിന് ശേഷമുണ്ടായ കുടുംബങ്ങള്‍ക്ക് അവര്‍ വീടിനര്‍ഹരാണെങ്കിലും ലിസ്റ്റില്‍ ഇടംകിട്ടുകയുമില്ല.
അനര്‍ഹരെ ഒഴിവാക്കാനുള്ള നിര്‍ദേശമുണ്ടെങ്കിലും പുതിയതായി അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടുമില്ല.
കൂടുതല്‍ പേര്‍ തിരൂരില്‍; കുറവ് തിരൂരങ്ങാടിയില്‍
മലപ്പുറം: പി.എം.എ.വൈ ഭവനനിര്‍മാണ പദ്ധതിയില്‍ ഇത്തവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്നാണ്. 1,148 പേരാണ് തിരൂരില്‍നിന്നു പദ്ധതിയില്‍ ഉള്‍പ്പെട്ടത്. തിരൂരങ്ങാടി ബ്ലോക്കാണ് ഗുണഭോക്താക്കളുടെ എണ്ണത്തില്‍ പിറകിലുള്ളത്. 109 പേരാണ് ഇവിടെനിന്നു ലിസ്റ്റിലുള്ളത്.
അരീക്കോട് (257), കാളികാവ് (350), കൊണ്ടോട്ടി (145), കുറ്റിപ്പുറം (153), മലപ്പുറം (309), മങ്കട (190), നിലമ്പൂര്‍ (104), പെരിന്തല്‍മണ്ണ (203), പെരുമ്പടപ്പ് (840), പൊന്നാനി (226), വേങ്ങര (146), വണ്ടൂര്‍ (201) എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകല്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."