ഹെല്‍മറ്റ് വേട്ടയ്ക്കിടെ പൊലിസിന്റെ മാനസിക പീഡനം: വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു
കൊല്ലം: ഹെല്‍മറ്റ് വേട്ടയ്ക്കിടെ കുണ്ടറ പൊലിസിന്റെ മാനസിക പീഡനത്തില്‍ ഹൃദയാഘാതമുണ്ടായ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരനുമായ വയോധികന്‍ ആശുപത്രിയില്‍ മരിച്ചു.
കുണ്ടറ സ്വദേശി ഡോള്‍ഫസാണ് ഇന്നു പുലര്‍ച്ചെ കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തലച്ചോറിനു ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോള്‍ഫസിനെ ഇന്നലെ പകല്‍ കുണ്ടറ മുക്കട ജംഗ്ഷനില്‍ വച്ചാണ് കുണ്ടറ സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് തടഞ്ഞുനിര്‍ത്തിയത്. സഹായിയുമൊത്തു ആശുപത്രിയിലേക്കുപോകുകയായിരുന്നു ഡോള്‍ഫസ്.
ആദ്യം മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച പൊലിസ് ഹെല്‍മറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്തു. അസുഖം നിമിത്തം ഹെല്‍മറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നു അറിയിച്ചെങ്കിലും പരിഗണിക്കാതെ പൊലിസ് സഹായിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു സ്‌റ്റേഷനിലെത്തിയ ഡോള്‍ഫസിനോടു പൊലിസ് മോശമായി പെരുമാറിയതായി ബന്ധുക്കള്‍ പറഞ്ഞു. ഒടുവില്‍ കുണ്ടറ സി.ഐ ഇടപെട്ടാണ് സഹായിയായ യുവാവിനെ വിട്ടയച്ചത്. വീട്ടിലെത്തിയ ഡോള്‍ഫസിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നു രാത്രിയില്‍ കടവൂരിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തിനു ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തില്‍ കുണ്ടറ പൊലിസ് സ്‌റ്റേ്ഷനിലേക്കു മാര്‍ച്ചു നടന്നു. കഴിഞ്ഞ മാസം കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്ത വാറണ്ടുകേസിലെ പ്രതി ആശുപത്രിയില്‍ മരിച്ച സംഭവം വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."