മണ്ഡലക്കാലത്ത് രാത്രികാല ഡ്രൈവര്‍മാര്‍ക്ക് ചുക്ക് കാപ്പിയും ഷേക്ക്ഹാന്‍ഡും
കൊല്ലം: മണ്ഡലക്കാലത്ത് കൊല്ലം ചിന്നക്കട വഴി കടന്നുപൊകുന്ന രാത്രികാല വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഉറക്കവും ബോറടിയും മാറ്റാന്‍ ചിന്നക്കടയില്‍ ഒരിടം. ഹെഡ് പോസ്റ്റോഫീസിനു സമീപത്തെ ബസ്‌ബേയില്‍ ഒരുക്കിയ പ്രത്യേക സ്ഥലത്താണ് ഇവര്‍ക്കായി ചുക്കുകാപ്പിയും മുഖം കഴുകാനും അല്‍പ്പനേര വിശ്രമത്തിനു സൗകര്യവും നല്‍കുന്നത്. പിന്നെ സ്ഥലത്തുള്ള പൊലിസ്, മോട്ടോര്‍വെഹിക്കിള്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റേയോ സന്നദ്ധ പ്രവര്‍ത്തകന്റേയോ വക സൗഹൃദത്തിന്റെ ഒരു ഷേക്ക് ഹാന്‍ഡും.
റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രോമകെയര്‍ ആന്റ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം(ട്രാക്ക്) ആണ് റോട്ടറി ക്ലബ് കൊല്ലം മെട്രോയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റേയും, ഫയര്‍ഫോഴ്‌സിന്റെയും, എക്‌സൈസിന്റെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ ഈ സംവിധാനം ഒരുക്കിയത്. ബുധനാഴ്ച രാത്രി 10 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ചുക്ക് കാപ്പി വിതരണം കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന അപകടങ്ങളില്‍ നിന്ന് യാത്രികരുടെ ജീവന്‍ സംരക്ഷിക്കാന്‍ ചുക്കുകാപ്പി വിതരണവും ബോധവല്‍ക്കരണവും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കൊല്ലം ട്രാക്കിന്റെ നേതൃത്വത്തില്‍ ഇതേ പ്രവര്‍ത്തനം നടത്തിയപ്പോള്‍ ഒരപകടം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതും തിരിച്ചറിയേണ്ട വസ്തുതയാണെന്നു അദ്ദേഹം പറഞ്ഞു. ട്രാക്ക് സെക്രട്ടറി ശരത് ചന്ദ്രന്‍, റോട്ടറി കൊല്ലം മെട്രോ പ്രസിഡന്റ് ബിജു ബി. ആര്‍ ട്രാക്ക് വൈസ് പ്രസിഡന്റ് സത്യന്‍ ജോയിന്റ് സെക്രട്ടറിമാരായ സി.ഐ വി.എസ് ബിജു, ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ട്രഷറര്‍ സന്തോഷ് തങ്കച്ചന്‍ ,റോട്ടറി കൊല്ലം ഭാരവാഹികളായ ഗോപന്‍ നായര്‍, നിജു ജമാല്‍, ബൈജു മാത്യു, എം.വി.ഐ വിനോദ്, സി.ഐ മഞ്ചുലാല്‍, ട്രാഫിക് എസ്.ഐ അന്‍വര്‍, ഫയര്‍ &റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ഹരി കുമാര്‍, ട്രാക്ക് ചാര്‍ട്ടര്‍ മെംബേര്‍സ് റോണാ റിബെയ്‌റോ, ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ എന്നിവര്‍ നേതൃത്വം നല്‍കി. ഇതിനോടനുബന്ധിച്ചു ബോധവല്‍ക്കരണവും വാഹനപരിശോധനയും നടത്തും. സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍,ലൈറ്റ് ഡിം ചെയ്യാത്തവര്‍, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, അമിതവേഗതക്കാര്‍ തുടങ്ങിയവരെ പ്രത്യേകം ബോധവത്കരിക്കും.
മകരവിളക്ക് വരെ സംവിധാനം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."