ലഹരി വിരുദ്ധ കാവല്‍ക്കൂട്ടം എല്ലാ സ്‌കൂളുകളിലും വ്യാപിപ്പിക്കും:എ.ഡി.ജി.പി
ലഹരിരഹിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
പോത്തന്‍കോട്: വിദ്യാര്‍ഥികളെ ലഹരിയില്‍ നിന്നു മോചിപ്പിക്കാന്‍ ലഹരിവിരുദ്ധ കാവല്‍ക്കൂട്ടം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും വ്യാപിപ്പിക്കുമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ പറഞ്ഞു.
ലഹരിരഹിത വിദ്യാലയം പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം അയിരൂര്‍പ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 30 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് സ്‌കൂളിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവര്‍ക്ക് എല്ലാ പിന്തുണയും സംരക്ഷണവും പൊലിസ് നല്‍കുമെന്നും എ.ഡി.ജി.പി. പറഞ്ഞു.
കുട്ടികള്‍ക്ക് ലഹരിയോടുള്ള ആഭിമുഖ്യം കുറയ്ക്കാന്‍ കായികകലാരംഗത്തേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടണമെന്നും അവര്‍ പറഞ്ഞു.
കേരളം ഡ്രഗ്‌സ് ക്യാപിറ്റല്‍ ആകുന്നു എന്ന ആശങ്ക പരന്നതോടെയാണ് കോളജ് തലത്തില്‍ ആരംഭിച്ച ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി ഷെഫിന്‍ അഹമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ആറ്റിങ്ങല്‍ എ.എസ്.പി. ആദിത്യ, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബിജുമോന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സജീദ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എസ് അജി, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി സുഗതന്‍, ജില്ലാ പഞ്ചായത്തംഗം എസ്. രാധാദേവി, ബ്ലോക്ക് പഞ്ചായത്തംഗം നസീമ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാമധു, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിലീപ് കുമാര്‍, എ. സബീനാ ബീവി, നേതാജിപുരം അജിത്ത്, പഞ്ചായത്ത് വാര്‍ഡംഗം ടി. രാജീവ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, കെ.ആര്‍. കൃഷ്ണലത, പോത്തന്‍കോട് സി.ഐ എസ്. ഷാജി, എസ്.ഐ. കെ. ആര്‍. ബിജു, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ സി. കൃഷ്ണന്‍ നായര്‍ , സ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ എസ്. ഷിബു എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി.
ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് എന്‍. ഹരീഷ് സ്വാഗതവും പ്രഥമാധ്യാപിക എം.എസ്. ലില്ലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."