ആകാംക്ഷമേയാടെ തുടക്കം, പിന്നെ ആശങ്ക, ഒടുവില്‍ ആവേശം
സ്വന്തം ലേഖിക
കോഴിക്കോട്: മൂന്നുനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നലെ വോട്ടെണ്ണല്‍ ദിനം പുലര്‍ന്നതോടെ നാട് ആകാംക്ഷയുടെ പരകോടിയിലായിരുന്നു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും പ്രവര്‍ത്തകരും ചില സ്ഥാനാര്‍ഥികളും അതിനു മുന്‍പുതന്നെ വോട്ടെണ്ണല്‍ നടക്കുന്ന ജെ.ഡി.ടി കോംപ്ലക്‌സിലെത്തിയിരുന്നു. കനത്ത പൊലിസ് സന്നാഹമാണ് വോട്ടെണ്ണല്‍കേന്ദ്രത്തില്‍ ഒരുക്കിയിരുന്നത്. ഫലം പെട്ടെന്നുവരുമെന്ന പ്രതീക്ഷയില്‍ മാധ്യമപ്രതിനിധികളും നേരത്തേയെത്തി.
കോഴിക്കോട് നോര്‍ത്തിലെയും സൗത്തിലെയും ലീഡ് നിലയാണ് ആദ്യം പുറത്തുവന്നത്. കോഴിക്കോട്് സൗത്തില്‍ ഡോ. എം.കെ മുനീറും എ. പ്രദീപ്കുമാറും മുന്നിട്ടുനിന്നു. പേരാമ്പ്ര മണ്ഡലത്തിന്റെ ലീഡ് നിലയാണു പിന്നീടെത്തിയത്. ഒന്‍പതരയോടെ രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഇക്ബാല്‍ മുന്നിലെത്തി. തുടര്‍ന്ന്, കുന്ദമംഗലത്തും വടകരയിലും കൊടുവള്ളിയിലും കൊയിലാണ്ടിയിലും കാണാനായത് ഇടതുമുന്നേറ്റമായിരുന്നു. ഓരോ മണ്ഡലത്തിലെയും ലീഡുനില പുറത്തുവരാന്‍ തുടങ്ങിയതോടെ അണികളുടെ ആവേശവും ആരവവും വാനോളമുയര്‍ന്നു. വോട്ടര്‍മാരുടെ ആശങ്കയ്ക്കു വിരാമമിട്ടു പത്തരയോടെ ജില്ലയിലെ ആദ്യഫലം പുറത്തുവന്നു. തിരുവമ്പാടിയില്‍ വി.എം ഉമ്മര്‍ മാസ്റ്ററെ 3,008 വോട്ടുകള്‍ക്കു പിന്നിലാക്കി വിജയം നേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസിന്റെ ഫലമാണ് ആദ്യമെത്തിയത്.
ബേപ്പൂരിലെ ഫലമാണ് പിന്നീടെത്തിയത്. 14,363 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.സി മമ്മദ്‌കോയ യു.ഡി.എഫ് സ്ഥാനാര്‍ഥി ആദം മുല്‍സിയെ പരാജയപ്പെടുത്തി. കുറ്റ്യാടിയില്‍ ഇഞ്ചോടിഞ്ച്് പോരാട്ടമായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ലതികയും യു.ഡി.എഫ് സ്ഥാനാര്‍ഥി പാറയ്ക്കല്‍ അബ്ദുല്ലയും ഒപ്പത്തിനൊപ്പംനിന്നു. ഏറെ സമയത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ യു.ഡി.എഫിന് ആശ്വാസത്തിനു വകനല്‍കി പാറക്കല്‍ അബ്ദുല്ല വിജയിച്ചു. ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി യു.സി രാമനെയും, കോഴിക്കോട് നോര്‍ത്തില്‍ വി.കെ പ്രദീപ്കുമാര്‍ അഡ്വ. പി.എം സുരേഷ് ബാബുവിനെയും, എലത്തൂരില്‍ എ.കെ ശശീന്ദ്രന്‍ കിഷന്‍ചന്ദിനെയും, വടകരയില്‍ സി.കെ നാണു മനയത്ത് ചന്ദ്രനെയും തോല്‍പ്പിച്ചതോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആവേശത്തിരയിലായിരുന്നു.
പേരാമ്പ്ര മണ്ഡലവും വോട്ടര്‍മാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഇക്ബാലിന്റെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന്റെയും ലീഡുനില പല തവണ മാറിമറിഞ്ഞു. ഒടുവില്‍ യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് ടി.പി രാമകൃഷ്ണന്റെ വിജയ വാര്‍ത്തയെത്തി. അതോടെ മുഖത്തു ചായം വാരിപ്പൂശി, പതാകകളുമേന്തി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിച്ചു. പതിനൊന്നരയോടെത്തന്നെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. ഇടയ്ക്ക് യു.ഡി.എഫിനു നേരിയ ആശ്വാസം സമ്മാനിച്ച് കോഴിക്കോട് സൗത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീര്‍ വിജയിച്ചു.
ജില്ലയിലെ അവസാന ഫലപ്രഖ്യാപനവും പൂര്‍ത്തിയായപ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു. അതോടെ, നഗരം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കീഴടക്കിയിരുന്നു. പടക്കങ്ങള്‍ പൊട്ടിച്ചും ആര്‍പ്പുവിളിച്ചും കിട്ടിയ സ്ഥാനാര്‍ഥികളുമായി പ്രവര്‍ത്തകര്‍ ആവേശംചോരാതെ നഗരം വലംവച്ചു. ആശങ്കയുടെയും ആകാംക്ഷയുടെയും നിമിഷങ്ങള്‍ക്കുശേഷം എല്‍.ഡി.എഫിന് 11ഉം യു.ഡി.എഫിനു രണ്ടുമെന്ന പ്രഖ്യാപനം മുഴങ്ങി. വിജയാഹ്ലാദത്തില്‍ നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ച് എല്‍.ഡി.എഫിന്റെ ആഹ്ലാദപ്രകടനമായിരുന്നു പിന്നീട്.
അടിക്കുറിപ്പ്-
ജെ.ഡി.ടിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെയുള്ള കാഴ്ച
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."