അരൂര്‍ കായല്‍ അപകടം: രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
അരൂര്‍: ദേശീയപാതയില്‍ അരൂര്‍ കുമ്പളം പഴയ പാലത്തില്‍ നിന്ന് വാന്‍ കായലിലേക്ക് വീണ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തു. അപകടത്തില്‍ കാണാതായ മറ്റ് മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ കൈതപ്പുഴ കായലില്‍ തുടരുന്നു. നേപ്പാള്‍ സ്വദേശികളായ റോള്വാ ജില്ലയിലെ മധുഖത്രി (30)യുടെയും പ്യുട്ടാം ജില്ലയിലെ ഹിമന്‍ലാല്‍ ഖത്രി(32)യുടെയും മൃതദേഹങ്ങളാണ് കിട്ടിയത്. മധുഖത്രിയുടെ മൃതദേഹം പുഴയില്‍ വാഹനം വീണ സ്ഥലത്തുനിന്നും ഹിമന്‍ലാല്‍ ഖത്രിയുടേത് റെയില്‍വേ പാലത്തിന്റെ സമീപത്തുനിന്നുമാണ് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫയര്‍ ഫോഴ്സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരോടൊപ്പം കേരളാ പൊലിസിന്റെ ആറ് ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്നലെ രാവിലെ എട്ടു മണിക്ക് പുനരാരംഭിച്ച തിരച്ചില്‍ വൈകിട്ടും തുടരുകയാണ്. കൈതപ്പുഴ കായലില്‍ വാഹനം വീണ സ്ഥലത്ത് പത്ത് മീറ്ററോളം ആഴമുണ്ട്. കായലിലേക്ക് പതിച്ച വാന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്താലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കണ്ടെത്താന്‍ കഴിഞ്ഞത്.
മധുഖത്രിയുടെ മൃതദേഹം കായലിന്റെ അടിത്തട്ടിലുള്ള ചെളിയില്‍ പൂണ്ട് കിടക്കുകയായിരുന്നു. നിരവധി ബോട്ടുകളുടെ സഹായത്തോടെ ചുഴി ഉണ്ടാക്കി കലക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ഈ സ്ഥലത്ത് നിന്ന് അന്‍പത് അടി മാറിയാണ് ഹിമന്ലാലിന്റെ മൃതദേഹം കിട്ടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ പാണാവള്ളി സ്വദേശി നിജാസ് അലി, ശ്യാം ഖത്രി, ജമന്‍ ബഹാദൂര്ഖത്രി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."