മഞ്ചേരിയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ജനുവരിയില്‍ പൂര്‍ത്തീകരിക്കും
മലപ്പുറം: മഞ്ചേരി നിയമസഭ മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ജനുവരി 31നകം പൂര്‍ത്തീകരിക്കാന്‍ അഡ്വ.എം. ഉമ്മര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു. പ്രവര്‍ത്തനത്തിനായി എസ്റ്റിമേറ്റ് തുകയായ 1.2 കോടി രൂപയുടെ 50 ശതമാനം കെ.എസ്.ഇ.ബി ഫണ്ടില്‍ നിന്നും വിനിയോഗിക്കും.
തുകയുടെ ബാക്കി 50 ശതമാനമായ 60 ലക്ഷം രൂപയില്‍ 30 ലക്ഷം രൂപ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ബാക്കി 30 ലക്ഷം രൂപ പഞ്ചായത്തുകളുടെ ഫണ്ടുകളില്‍ നിന്നും വിനിയോഗിക്കും.
മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, പാണ്ടിക്കാട്, കീഴാറ്റൂര്‍, എടപ്പറ്റ പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന മഞ്ചേരി നോര്‍ത്ത് മഞ്ചേരി സൗത്ത്, തൃക്കലങ്ങോട്, ആനക്കയം, പാണ്ടിക്കാട്, മേലാറ്റൂര്‍ സെക്ഷനുകളില്‍ 660 അപേക്ഷകളാണ് കണക്ഷന് വേണ്ടി ലഭിച്ചത്.
മഞ്ചേരി വൈദ്യുതി ഭവന്‍ സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."