ശാസ്ത്രകൗതുകം മിഴിയടച്ചു
വടകര: അഞ്ചുദിവസമായി മടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോഴിക്കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് 15,000ത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ച മേള വലിയ പരാതികളൊന്നുമില്ലാതെ സമാപിച്ചത് സംഘാടക സമിതിക്ക് അഭിമാനമായി. മേളയുടെ നടത്തിപ്പിനായി രൂപീകരിച്ച 12 സബ്കമ്മിറ്റികളും വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും മികവാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.
മത്സരാര്‍ഥികളുടെ ചെറിയ പരാതികള്‍പോലും അപ്പപ്പോള്‍ പരിഹരിച്ചതും കൃത്യസമയങ്ങളില്‍ മത്സരങ്ങള്‍ തുടങ്ങിയതും വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമായി. പ്രോഗ്രാം, റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, ഭക്ഷണം എന്നീ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു.
വിധികര്‍ത്താക്കള്‍ വന്നുപോയാല്‍ ഉടനെ സ്റ്റാളുകളില്‍നിന്ന് സാധനങ്ങളുമായി മത്സരാര്‍ഥികള്‍ പോകുന്ന കാഴ്ചയാണ് മേളയില്‍ കണ്ടത്. ഇതുകാരണം മറ്റു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പ്രദര്‍ശനം കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ദൂരദിക്കുകളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളാണെന്ന കാരണമാണ് ഇതിനു പിന്നിലെങ്കിലും സംഭവം മേളയുടെ നിറംകെടുത്തിയെന്ന ആക്ഷേപമുയര്‍ന്നു.
മേളയുടെ സമാപന സമ്മേളനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി കവിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍, ശശികല, ഫൈസല്‍, പ്രതിഭ, പി. പ്രഭാകരന്‍, പ്രോഗ്രാം കണ്‍വീനര്‍ കെ. സജീവന്‍, സുരേഷ് ബാബു, ഡി.ഇ.ഒ ഇ കെ. സുരേഷ്‌കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."