ഉപജില്ലാ കായികമേളക്ക് അധികൃതരുടെ ഭാഗത്തുനിന്നും അവഗണനയെന്ന് പരാതി
കൊടുങ്ങല്ലൂര്‍: ഉപജില്ലാ സ്‌കൂള്‍ കായികമേളക്ക് അധികൃതരുടെ ഭാഗത്ത് നിന്നും അവഗണനയെന്ന് പരാതി. കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കുടിക്കുവാന്‍ വെള്ളം പോലും നല്‍കുവാന്‍ പണമില്ലാതെ സംഘാടകര്‍ വട്ടം കറങ്ങുന്നു.
കൊടുങ്ങല്ലൂര്‍ ഉപജില്ലയിലെ 70 വിദ്യാലയങ്ങളില്‍ നിന്നുമായി 1582 കുട്ടികള്‍ പങ്കെടുക്കുന്ന കായികമേള പരാധീനതകളുടെ നടുവിലാണ് സംഘടിപ്പിക്കപ്പെടുന്നത്. എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ ആരംഭിച്ച കായികമേള ഉദ്ഘാടനം ചെയ്യുവാനെത്തിയ ഇ.ടി ടൈസണ്‍ എം.എല്‍.എ മുന്‍കൈയ്യെടുത്താണ് കായികാധ്യാപകരുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള സംവിധാനം ഒരുക്കിയത്.
എട്ടാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും മേളകളുടെ നടത്തിപ്പിന് പണം പിരിക്കരുതെന്ന നിര്‍ദ്ദേശമാണ് കായികമേളയുടെ സംഘാടനത്തിന് വിനയായത്. ഉപജില്ലാ കായികമേള മത്സരങ്ങള്‍ നടത്തുവാന്‍ ആവശ്യമായ സ്ഥലസൗകര്യമുള്ള എം.ഇ.എസ്. സ്‌കൂളാണ് മിക്ക വര്‍ഷങ്ങളിലും കായികമേളക്ക് ആതിഥേയത്വം വഹിക്കാറുള്ളത്. ഇക്കുറിയും മേളയുടെ മുഴുവന്‍ ചുമതലയും ആതിഥേയരുടെ തലയിലാണ്. ഉപജില്ലാ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നതിന് മാത്രം രണ്ടര ലക്ഷത്തോളം രൂപ മാറ്റിവെക്കപ്പെടുമ്പോള്‍ കായികമേളക്കായി ഒരു രൂപ പോലും മാറ്റിവെക്കുന്നില്ലെന്നതാണ് വസ്തുത. കലോത്സവത്തിന് കമ്മിറ്റികള്‍ രൂപീകരിക്കാനും, നടത്തിപ്പിനുമായി പ്രമുഖ അധ്യാപക സംഘടനകളും, രാഷ്ട്രീയ സംഘടനകളും തമ്മില്‍ കടുത്ത മത്സരം നടക്കുമ്പോള്‍ മൂന്ന് നാള്‍ നീളുന്ന കായിക കേരളത്തിന്റെ അഭിമാനതാരങ്ങളെ തെരഞ്ഞെടുക്കുവാന്‍ നടക്കുന്ന ഈ പ്രാഥമിക മത്സരങ്ങളെ തിരിഞ്ഞ് നോക്കുവാന്‍ പോലും ഒരു സംഘടനകളും മുന്നോട്ട് വരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."