ബഷീറിന്റെ സ്വന്തം അബു: വിശ്വസാഹിത്യത്തിലേക്ക് നടന്നു കയറിയ ഗ്രാമീണന്‍
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിലൂടെ വിശ്വസാഹിത്യത്തില്‍ ഇടം നേടാനുള്ള ഭാഗ്യമുണ്ടായ ഗ്രാണീണനാണ് അബുബക്കര്‍. 22 വര്‍ഷം മുന്‍പ് ലോകത്തോടു വിട പറഞ്ഞ ഇക്കാക്കയുടെ ഓര്‍മകളെ നെഞ്ചോടു ചേര്‍ത്ത് ജീവിക്കുകയായിരുന്നു അബുക്ക. അബുവോ? അവന് 64 ജോഡി ചെരുപ്പുണ്ടായിരിക്കുമെന്ന ഉമ്മയുടെ വാക്കുകളിലൂടെയാണ് ബഷീര്‍ പാത്തുമ്മയുടെ ആടില്‍ അബുവിനെ പരിചയപ്പെടുത്തുന്നത്. വൃത്തിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനായിരുന്ന അബുവിന് ചെറുപ്പകാലത്ത് ഓരോ ആവശ്യത്തിനും പ്രത്യേകം ചെരുപ്പുകളുണ്ടായിരുന്നു. ചെരുപ്പുകളോടുള്ള ഈ ആഭിമുഖ്യം കൊണ്ടാവാം പില്‍ക്കാലത്ത് തലയോലപറമ്പില്‍ അബു തുടങ്ങിയതും ഒരു ചെരിപ്പു കടയായിരുന്നു. മകന്‍ അന്‍വറാണ് ചെരുപ്പുകട ഇപ്പോള്‍ നടത്തുന്നത്. ഉലകം ചുറ്റും വാലിഭനായി ബഷീര്‍ അലഞ്ഞപ്പോഴും എന്നും തലയോലപറമ്പുകാരുടെ സ്വന്തമായിരുന്നു അബൂക്ക. മറ്റു സഹോദരങ്ങളായ അബ്ദുല്‍ഖാദര്‍, ഹനീഫ, ആനുമ്മ, പാത്തുമ്മ എന്നിവര്‍ ഒന്നൊന്നായി നേരത്തെ തന്നെ വിട പറഞ്ഞപ്പോള്‍ ബഷീറിയന്‍ സാഹിത്യത്തിന്റെ ജീവിക്കുന്ന ഏടായി ബാക്കിയുണ്ടായിരുന്നത് അബൂബക്കറായിരുന്നു.
ബഷീര്‍ അന്തരിച്ച 1994ല്‍ തന്നെ ബഷീര്‍ സ്മാരക സമിതക്കു രൂപംനല്‍കി ജേഷ്ടന്റെ ഓര്‍മകളിലൂടെ നാടിനെയും വഴി നടത്തി. കഴിഞ്ഞ 22വര്‍ഷമായി ഇന്നും ജന്മനാട്ടില്‍ ഈ സമിതി ബഷീര്‍ ഓര്‍മകള്‍ നിലനിര്‍ത്തുവാന്‍ വ്യത്യസ്തമായ പരിപാടികള്‍ നടത്തിവരുന്നു.
ബഷീര്‍ എറണാകുളത്ത് പുസ്തകശാല നടത്തിവന്നിരുന്നപ്പോള്‍ കടയില്‍ സഹായിയായി കൂട്ടു നിന്നത് അബുവായിരുന്നു. ബഷീറിനെക്കൊണ്ട് പെണ്ണു കെട്ടിക്കുന്നതിന് കൂട്ടുകാര്‍ മുന്‍കൈ എടുത്തപ്പോള്‍ ഫാബിയെ പെണ്ണുകാണുവാനും കെട്ടുകല്ല്യാണത്തിനും ഉണ്ടായിരുന്ന ബഷീറിന്റെ ഏക ബന്ധു അബു മാത്രമായിരുന്നു. ബഷീറിന്റെ രചനകളിലെന്ന പോലെ ജീവിതഗന്ധിയായ വായനാനുഭവമായിരുന്നു കിളിരൂര്‍ രാധാകൃഷ്ണനെകൊണ്ട് തയാറാക്കിയ ഇക്കാക്കയുടെ ഓര്‍മകള്‍. സുല്‍ത്താന്റെ തറവാട്ടില്‍നിന്നും മറ്റൊരു ബഷീറിയന്‍ ശൈലിയുടെ പുനര്‍ജ്ജനിയായിരുന്നു ആ പുസ്തകം. ബഷീറിന്റെ 2015 വരെയുള്ള എല്ലാ ചരമദിന അനുസ്മരണ പരിപാടിയിലും അബു പങ്കെടുത്തിരുന്നു. ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ ബാല്യകാലസഖി പുരസ്‌ക്കാരം 2014ല്‍ കവി ചെമ്മനം ചാക്കോയ്ക്ക് അബുവാണ് സമ്മാനിച്ചത്. തലയോലപ്പറമ്പ് ചന്തയ്ക്ക് സമീപത്തെ പുത്തന്‍കാഞ്ഞൂര്‍ തറവാടിന്റെ മുറ്റത്ത് എത്തുന്ന ബഷീര്‍ ആരാധകരെ സ്വീകരിക്കുവാന്‍ ഇനി ചാമ്പമരവും മാങ്കോസ്റ്റിനും മാത്രം.
ഇക്കാക്കയുടെ വിവാഹത്തിന്റെ കാര്‍മികത്വത്തിലും അബുവിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട്ട് നിന്നും ബഷീറിന്റെ കത്ത് വന്നു. 'എടാ അബൂ നീ ഉടനേ വരണം അത്യാവശ്യമുണ്ട്. കോഴിക്കോട് ചേവായൂരില്‍ എസ്.കെ പൊറ്റക്കാടിന്റെ വീടായ ചന്ദ്രകാന്തത്തിലാണ് താമസം. അബു ചെന്നപ്പോഴായിരുന്നു വിവാഹകാര്യം അറിയുന്നത്. ഒരു മാസത്തിനകം നിക്കാഹും നടത്തിയ ശേഷമാണ് അബു കോഴിക്കോട്ടുനിന്നും തിരികെ പോന്നത്.
ബഷീര്‍ വിവാഹം കഴച്ച് തലയോലപ്പറമ്പില്‍ ഇന്നത്തെ ഫെഡറല്‍ നിലയത്തില്‍ താമസിച്ചപ്പോള്‍ ബഷീറിന്റെ ഭാര്യ ഫാബിയെ പാചകത്തിനു സഹായിച്ചത് അബുവും അബുവിന്റെ ഭാര്യ സുഹ്‌റയുമായിരുന്നു. പിന്നീട് ബഷീര്‍ തലയോലപ്പറമ്പില്‍നിന്നും താമസം മാറി ബേപ്പൂര്‍ വൈലാലില്‍ താമസിച്ചുവന്നപ്പോള്‍ ബഷീറിന് ഏറ്റവും ഇഷ്ടമായിരുന്ന ചെമ്പിക്കായലിലെ കരിമീനും വൈക്കത്തെ കുടംപുളിയുമായി ഇക്കാക്കയെ കാണുവാന്‍ കോഴിക്കോട്ടുപോകുമ്പോള്‍ അബു കൊണ്ടുപോകുമായിരുന്നു.
തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ തേടി എത്തുന്ന ബഷീര്‍ സ്‌നേഹികള്‍ എല്ലാവരും തന്നെ അബുവിന്റെ അടുക്കല്‍ ചെല്ലുമായിരുന്നു. എല്ലാവര്‍ഷവും ബഷീര്‍ ജന്മനാട്ടില്‍ നടക്കുന്ന ബഷീര്‍ അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രമുഖ സാഹിത്യകാരന്മാര്‍ അബുവിനെ കണ്ടേ മടങ്ങുകയുള്ളു. സി. രാധാകൃഷ്ണന്‍, സേതു, പെരുമ്പടവം ശ്രീധരന്‍, കെ.ആര്‍ മീര, കെ.എ ബീന, എം. സരിതാവര്‍മ്മ, പന്തളം സുധാകരന്‍, കെ.എല്‍. മോഹനവര്‍മ്മ, ചെമ്മനം ചാക്കോ, എം.എ റഹ്മാന്‍, എം.കെ സാനു, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തുടങ്ങിയ പ്രമുഖര്‍ ബഷീര്‍ തറവാട്ടില്‍ നേരത്തെ വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."