സംഘനൃത്ത വേദിയില്‍ നിറഞ്ഞത് പ്രണയലാസ്യ രസങ്ങള്‍
അടിമാലി: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവനഗരിയിലെ സംഘനൃത്ത വേദിയില്‍ നിറഞ്ഞത് പ്രണയലാസ്യ രസങ്ങള്‍. സംഘനൃത്തം അവതരിപ്പിച്ച ബഹുഭൂരിപക്ഷം ടീമുകളും വിഷയമാക്കിയത് പ്രണയം. കൃഷ്ണനും രാധയുമില്ലാതെ എന്ത് സംഘനൃത്തം എന്ന് തോന്നിക്കുംവിധമായിരുന്നു വേദി. ശിവനും പാര്‍വതിയും മുംതാസും ഷാജഹാനുമൊക്കെ വിഷയങ്ങളായെങ്കിലും കൃഷ്ണനും രാധയ്ക്കുമായിരുന്നു ഏറെ ഡിമാന്‍ഡ്.
സംഘനൃത്ത പ്രമേയത്തില്‍ വ്യത്യസ്തത കണ്ടെത്തിയ മത്‌സരാര്‍ഥികള്‍ കോസ്റ്റിയൂമിലും ഇത്തവണ വ്യത്യസ്തത പുലര്‍ത്തി. നിറവിന്യാസങ്ങള്‍ തീര്‍ത്ത മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാ ടീമുകളും ചില സന്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്. മണ്ണിനെ മറക്കരുത്, സ്ത്രീ ദേവതയാണ് തുടങ്ങിയ ആഹ്വനങ്ങള്‍ക്ക് പുറമെ സ്ത്രീ സുരക്ഷയും അധര്‍മ്മത്തെ തോല്‍പ്പിക്കുന്ന ധര്‍മത്തിന്റെ വിജയവും എല്ലാം പരാമര്‍ശവിധേയമായി.
മുംതാസും താജ്മഹലുമെല്ലാം സംഘനൃത്ത രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സദസ് സംഘനൃത്ത വേദിയെ സമ്പന്നമാക്കി. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി നൃത്തം അവതരിപ്പിക്കാനും ടീമുകള്‍ പ്രത്യേകം ശ്രദ്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."