ഫണ്ട് പിന്‍വലിക്കാനാകുന്നില്ല അടുത്തയാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങും
കാസര്‍കോട്: റിസര്‍വ് ബാങ്കിന്റെ പുതിയനയം കാരണം ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനാവാത്തതിനാല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍. ഇതുകാരണം 25 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം അടുത്തയാഴ്ച മുതല്‍ മുടങ്ങുമെന്ന്് അധ്യാപകര്‍.
ഉച്ചഭക്ഷണ വിതരണത്തിനായ് വിദ്യാഭ്യാസ വകുപ്പ് ദേശസാല്‍കൃത ബാങ്കുകളിലാണ് ഫണ്ട് നിക്ഷേപിച്ചിരിക്കുന്നത്. അവസാനവാരത്തിലാണ് സ്‌കൂളിലേക്ക് വേണ്ട പണം പിന്‍വലിക്കുന്നത്. ദിവസത്തില്‍ രണ്ടായിരം മുതല്‍ ആറായിരം രൂപയാണ് ഉച്ചഭക്ഷണത്തിനായ് സ്‌കൂളുകളില്‍ ചെലവ് വരുന്നത്. മാസത്തില്‍ 60,000 രൂപ മുതല്‍ രണ്ടുലക്ഷം വരെ സ്‌കൂളുകള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവാദം നല്‍കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ഈ ആഴ്ച അധ്യാപകരില്‍ നിന്നും കടം വാങ്ങിയും പി.ടി.എകള്‍ കടം വാങ്ങിയുമാണ് പ്രതിസന്ധി തരണം ചെയ്തത്. പലവ്യഞ്ജനങ്ങള്‍, പാചക കൂലി, മുട്ട, വിറക്, പച്ചക്കറി, കയറ്റിറക്ക് കൂലി എന്നിവയ്ക്ക് പണം കടം വാങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്. അടുത്തയാഴ്ച മുതല്‍ പണം നല്‍കാന്‍ ആരും തയാറാകില്ലെന്നാണ് അധ്യാപകര്‍ തന്നെ പറയുന്നത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് ലഭിക്കുന്ന ഇന്റന്റ് പ്രകാരം എഫ്.സി.ഐ. ഗോഡൗണ്‍, മാവേലി സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂള്‍ അധികൃതര്‍ അരി വാങ്ങിക്കുന്നത്. ഇവിടെ ശേഖരിച്ചിരിക്കുന്ന അരിയുടെ വിതരണവും ഭാഗികമായി നിലച്ചിട്ടുണ്ട്. സ്‌കൂളിനനുവദിച്ച ഫണ്ടുകള്‍ മുടങ്ങിയതോടെ കലോത്സവ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാകും. ഫണ്ട് ലഭിക്കാതെ ഇനി സ്‌കൂള്‍ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന കാര്യത്തില്‍ ആശങ്കയിലാണ് സ്‌കൂള്‍ പ്രധാനഅധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."