ആറു വിക്കറ്റുകള്‍ വീഴ്ത്തി ഗ്രാന്‍ഡ്ഹോമിന്റെ അവിസ്മരണീയ അരങ്ങേറ്റം
ക്രൈസ്റ്റ്ചര്‍ച്ച്: 30ാം വയസില്‍ അരങ്ങേറ്റ ടെസ്റ്റിനിറങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തി അവിസ്മരണീയ പ്രകടനം പുറത്തെടുത്ത കോളിന് ഡി ഗ്രാന്‍ഡ്ഹോമിന്റെ മാരക പേസിനു മുന്നില്‍ പാകിസ്താന് തകര്‍ന്നടിഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്റെ ഒന്നാം ഇന്നിങ്സ് വെറും 133 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കിവികള്‍ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 104 റെണ്സെന്ന നിലയില്‍. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കേ പാകിസ്താന്റെ സ്കോറിനൊപ്പമെത്താന്‍ കിവികള്‍ക്ക് 29 റണ്‍സ് കൂടി. 55 റണ്‍സോടെ അരങ്ങേറ്റക്കാരന്‍ ജീറ്റ് റാവലും 29 റണ്‍സുമായി നിക്കോള്‍സുമാണ് ക്രീസില്‍. ലാതം (ഒന്ന്), വില്ല്യംസന് (നാല്), ടെയ്ലര് (11) എന്നിവരാണ് പുറത്തായത്.
നേരത്തെ ആദ്യ ദിനം കനത്ത മഴയെ തുടര്‍ന്നു ഒരു പന്തു പോലും എറിയാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ദിനമായ ഇന്നലെയാണ് ഒന്നാം ഇന്നിങ്സ് ആരംഭിച്ചത്. ടോസ് നേടി ന്യൂസിലന്‍ഡ് പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ന്യൂസിലന്‍ഡ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനമെന്ന പെരുമ സ്വന്തമാക്കിയ കോളിന് ഡി ഗ്രാന്‍ഡ്ഹോം 15.5 ഓവറില്‍ വെറും 41 റണ്‍സ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റുകള്‍ പിഴുതത്. 108 പന്തുകള്‍ നേരിട്ട് 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉല് ഹഖാണ് പാക് നിരയിലെ ടോപ്പ് സ്കോറര്‍. നായകനെ കൂടാതെ മൂന്നു താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. പൂര്‍ണമായും പേസിനെ തുണച്ച പിച്ചില്‍ ശേഷിച്ച നാലു വിക്കറ്റുകള്‍ സൗത്തി, ബോള്‍ട്ട് എന്നിവര്‍ ചേര്‍ന്നു പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."