ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഏജന്റ് ചതിച്ച എട്ടു മലയാളി വനിതകള്‍ നാട്ടിലേക്ക് തിരിച്ചു
ദമ്മാം: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഏജന്റിന്റെ വഞ്ചനയിലൂടെ സഊദിയിലെത്തിയ മലയാളി വനിതകള്‍ ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. അഞ്ച് മാസം മുന്‍പ് സഊദിയിലെത്തിയ വനിതകളില്‍ ബാക്കിയുള്ള എട്ടു പേരാണ് മലയാളി കാരുണ്യ സംഘടനകളുടെയും മറ്റും കഠിനപ്രയത്‌നം കൊണ്ട് നാട്ടിലേക്ക് പോകാനായത്. 13 പേരില്‍ അഞ്ച് പേര്‍ നേരത്തെ നാട്ടിലേക്ക് തിരിച്ചിരുന്നു.
കോട്ടയം ഒഴുകൂര്‍ റോസമ്മ, കൊടുങ്ങല്ലര്‍ സ്വദേശിനി സിന്ധു, കൊച്ചി സ്വദേശിനി ജെസി റോബര്‍ട്ട്, മഞ്ജു കാഞ്ഞിരപ്പള്ളി, റോസ്‌ലി എറണാകുളം, ജിജി കോട്ടയം, പാല, ജിന്‍സി, അമ്പിളി ആലപ്പുഴ എന്നിവരാണ് ഒടുവില്‍ നാട്ടിലേക്ക് മടങ്ങിയത്.
കേരളത്തിലെ വിസാ ഏജന്റാണ് മുംബൈയിലെ ട്രാവല്‍ ഏജന്റ് മുഖേന ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. 1500 റിയാല്‍ ശമ്പളം, ഓവര്‍ടൈം, താമസ സൗകര്യം ഉള്‍പ്പെടെ 50,000 രൂപയോളം ശമ്പളം ലഭിക്കുമെന്നാണ് ഇവര്‍ക്ക് നല്‍കിയ വാഗ്ദാനം. മുബൈയില്‍ നിന്നും റിയാദിലെത്തിയ ഇവരെ അബഹയില്‍ കൊണ്ടുപോയി പാര്‍ക്ക് ശുചീകരണത്തിനായി നിയോഗിക്കുയായിരുന്നു. ജോലിയില്‍ പ്രവേശിച്ചതിനു ശേഷമാണ് കമ്പനിയും ട്രാവല്‍ ഏജന്‍സിയും തമ്മിലുള്ള കരാര്‍ പ്രകാരം 800 റിയാലാണ് ശമ്പളമെന്ന് മനസ്സിലായത്.
വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ ഇവര്‍ സംഘടിച്ച് മാനേജര്‍ക്ക് പരാതി നല്‍കി. ഇതു പരിഗണിക്കാതെ വന്നതോടെ പ്രതിഷേധിച്ച് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയും നാട്ടിലേക്ക് കയറ്റി അയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കമ്പനി ഇവരെ റിയാദിലെ ശുമേസി ലേബര്‍ ക്യാംപിലേക്ക് കൊണ്ട് വന്ന് തള്ളുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എംബസി ഇടപെടുകയും ഇവരുടെ മോചനത്തിനായി ജീവകാരുണ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇവര്‍ ജോലി ചെയ്യാതെ വിട്ടുനിന്ന മൂന്നു മാസത്തെ ശമ്പളവും ടിക്കറ്റും നല്‍കാന്‍ കമ്പനി തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."