ലഹരി ഉപയോഗം ഇല്ലാതാക്കല്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 'വിമുക്തി' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍
തിരുവനന്തപുരം: യുവജനങ്ങളിലും വിദ്യാര്‍ഥികളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഇല്ലാതെയാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാളത്തെ തലമുറ ലഹരിയില്‍ മുങ്ങിപ്പോകാന്‍ പാടില്ല. യുവജനങ്ങളെ നാടിന്റെ നന്മയ്ക്കു വേണ്ടിയുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്കു നയിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ലഹരിവസ്തുക്കള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച ബഹുജനപങ്കാളിത്തത്തോടെയുള്ള സമഗ്രബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടപ്പിലാക്കി വരുന്നത്. സ്‌കൂള്‍, കോളജ് ലഹരി വിരുദ്ധ ക്ലബുകള്‍, നാഷനല്‍ സര്‍വിസ് സ്‌കീം, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി യുവജന മഹിളാസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി ലഹരി വിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കേരള സംസ്ഥാന ലഹരിവര്‍ജന മിഷന്‍ 'വിമുക്തി' എന്ന ബൃഹത്തായ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ചെയര്‍മാനായ വിമുക്തി മിഷന്റെ ഗവേണിങ് ബോഡിയില്‍ വൈസ് ചെയര്‍മാന്‍ എക്‌സൈസ് വകുപ്പ് മന്ത്രിയും നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആയിരിക്കും ലഹരിവര്‍ജനമിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."